YouVersion Logo
Search Icon

ഇയ്യോബ് 22

22
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2മനുഷ്യൻ ദൈവത്തിന് ഉപകാരമായി വരുമോ?
ജ്ഞാനിയായവൻ തനിക്കുതന്നെ ഉപകരിക്കേയുള്ളൂ.
3നീ നീതിമാനായാൽ സർവശക്തനു പ്രയോജനമുണ്ടോ?
നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവനു ലാഭമുണ്ടോ?
4നിന്റെ ഭക്തി നിമിത്തമോ അവൻ നിന്നെ ശാസിക്കയും
നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
5നിന്റെ ദുഷ്ടത വലിയതല്ലയോ?
നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി,
നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല;
വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
8കൈയൂറ്റക്കാരനോ ദേശം കൈവശമായി,
മാന്യനായവൻ അതിൽ പാർത്തു.
9വിധവമാരെ നീ വെറുംകൈയായി അയച്ചു;
അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
10അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു.
പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കാണുന്നില്ലയോ?
12ദൈവം സ്വർഗോന്നതത്തിൽ ഇല്ലയോ?
നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13എന്നാൽ നീ: ദൈവം എന്തറിയുന്നു?
കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ?
14കാണാതവണ്ണം മേഘങ്ങൾ അവനു മറ ആയിരിക്കുന്നു;
ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു.
15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗം നീ പ്രമാണിക്കുമോ?
16കാലം തികയും മുമ്പേ അവർ പിടിപെട്ടുപോയി;
അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17അവർ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക;
സർവശക്തൻ ഞങ്ങളോട് എന്തു ചെയ്യും എന്നു പറഞ്ഞു.
18അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറച്ചു;
ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
അവരുടെ ശേഷിപ്പ് തീക്കിരയായി എന്നു പറയുന്നു.
21നീ അവനോടിണങ്ങി സമാധാനമായിരിക്ക;
അതിനാൽ നിനക്കു നന്മ വരും.
22അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക;
അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
23സർവശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും;
നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24നിന്റെ പൊന്ന് പൊടിയിലും ഓഫീർ തങ്കം തോട്ടിലെ കല്ലിന്നിടയിലും ഇട്ടുകളക.
25അപ്പോൾ സർവശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
26അന്നു നീ സർവശക്തനിൽ പ്രമോദിക്കും;
ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും.
27നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും;
നീ നിന്റെ നേർച്ചകളെ കഴിക്കും.
28നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും;
നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും;
താഴ്മയുള്ളവനെ അവൻ രക്ഷിക്കും.
30നിർദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും;
നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy