YouVersion Logo
Search Icon

ഇയ്യോബ് 18

18
1അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവയ്ക്കും?
ബുദ്ധി വയ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായിത്തോന്നുന്നതും എന്ത്?
4കോപത്തിൽ തന്നെത്താൻ കടിച്ചു കീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിർജനമായിത്തീരേണമോ?
പാറ അതിന്റെ സ്ഥലംവിട്ട് മാറേണമോ?
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.
7അവൻ ചുറുക്കോടെ കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;
അവൻ കെണിയിന്മീതെ നടക്കും.
9പാശം അവന്റെ കുതികാലിനു പിടിക്കും;
അവൻ കുടുക്കിൽ അകപ്പെടും.
10അവന് നിലത്തു കുരുക്കു മറച്ചുവയ്ക്കും;
അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചുവയ്ക്കും.
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ തുടർന്ന് അവനെ വേട്ടയാടും.
12അവന്റെ അനർഥം വിശന്നിരിക്കുന്നു;
വിപത്ത് അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
13അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് അവൻ വേർ പറിഞ്ഞുപോകും;
ഘോരരാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15അവന് ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16കീഴെ അവന്റെ വേരുണങ്ങിപ്പോകും;
മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17അവന്റെ ഓർമ ഭൂമിയിൽനിന്നു നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്കു തള്ളിയിടും;
ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചു കളയും.
19സ്വജനത്തിൽ അവനു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും;
അവന്റെ പാർപ്പിടം അന്യനുപോകും.
20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;
പൂർവദിഗ്വാസികൾക്കു നടുക്കം പിടിക്കും.
21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.
ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy