YouVersion Logo
Search Icon

യിരെമ്യാവ് 25

25
1യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ-ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നെ- സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട്. 2യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകല യെരൂശലേംനിവാസികളോടും പ്രസ്താവിച്ചത് എങ്ങനെ എന്നാൽ: 3ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല. 4യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല. 5നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമാർഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാർക്കും. 6അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കയും അരുത്; എന്നാൽ ഞാൻ നിങ്ങൾക്ക് അനർഥം വരുത്തുകയില്ല എന്ന് അവർ പറഞ്ഞു. 7എങ്കിലും നിങ്ങൾ നിങ്ങളുടെ അനർഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാട്. 8അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു 9ഞാൻ ആളയച്ചു വടക്കുള്ള സകല വംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരേയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തീർക്കും. 10ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും. 11ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്. 12എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിച്ച് അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാട്. 13അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവ് സകല ജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിനു വരുത്തും. 14അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരം ചെയ്യും.
15യിസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി ഞാൻ നിന്നെ അയയ്ക്കുന്ന ജാതികളെയൊക്കെയും കുടിപ്പിക്ക. 16അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയയ്ക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും. 17അങ്ങനെ ഞാൻ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകല ജാതികളെയും കുടിപ്പിച്ചു. 18ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിനു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും പ്രഭുക്കന്മാരെയും 19മിസ്രയീംരാജാവായ ഫറവോനെയും അവന്റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും സകല പ്രജകളെയും 20സർവസമ്മിശ്രജാതിയെയും ഊസ്ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും 21എദോമിനെയും മോവാബിനെയും അമ്മോന്യരെയും 22സകല സോർ രാജാക്കന്മാരെയും സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും 23ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെയൊക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും 24മരുവാസികളായ സമ്മിശ്രജാതിയുടെ 25സകല രാജാക്കന്മാരെയും സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും 26തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന എല്ലാ വടക്കേ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക്‍രാജാവോ അവരുടെ ശേഷം കുടിക്കേണം. 27നീ അവരോടു പറയേണ്ടത്; യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചു ലഹരിപിടിച്ചു ഛർദിച്ച്, ഞാൻ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാതവണ്ണം വീഴുവിൻ. 28എന്നാൽ പാനപാത്രം നിന്റെ കൈയിൽനിന്നു വാങ്ങി കുടിപ്പാൻ അവർക്കു മനസ്സില്ലാഞ്ഞാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ കുടിച്ചേ മതിയാവൂ. 29എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാൻ അനർഥം വരുത്തുവാൻ തുടങ്ങുന്നു; പിന്നെ നിങ്ങൾ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാൻ സകല ഭൂവാസികളുടെയുംമേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 30ആകയാൽ നീ ഈ വചനങ്ങളെയൊക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗർജിച്ചു, തന്റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവൻ തന്റെ മേച്ചൽപ്പുറത്തെ നോക്കി ഉറക്കെ ഗർജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവൻ സകല ഭൂവാസികൾക്കും നേരേ ആർപ്പുവിളിക്കുന്നു. 31ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്കു ജാതികളോട് ഒരു വ്യവഹാരം ഉണ്ട്; അവൻ സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. 32സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും. 33അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിനു വളമായിത്തീരും. 34ഇടയന്മാരേ, മുറയിട്ടു നിലവിളിപ്പിൻ! ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ അറുപ്പാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാൻ നിങ്ങളെ ഉടച്ചുകളയും; നിങ്ങൾ മനോഹരമായൊരു പാത്രംപോലെ വീഴും; 35ഇടയന്മാർക്കു ശരണവും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർക്ക് ഉദ്ധാരണവും ഇല്ലാതെയാകും. 36യഹോവ മേച്ചൽപ്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാർ നിലവിളിക്കുന്നതും ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠന്മാർ മുറയിടുന്നതും കേൾപ്പാറാകും. 37സമാധാനമുള്ള മേച്ചൽപ്പുറങ്ങൾ യഹോവയുടെ ഉഗ്രകോപം നിമിത്തം നശിച്ചുപോയിരിക്കുന്നു. 38അവൻ ഒരു ബാലസിംഹം എന്നപോലെ തന്റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാൾകൊണ്ടും അവന്റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy