YouVersion Logo
Search Icon

യിരെമ്യാവ് 23

23
1എന്റെ മേച്ചൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാട്. 2അതുകൊണ്ട്, തന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ ആട്ടിൻകൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ച് ഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാട്. 3എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർധിച്ചു പെരുകും. 4അവയെ മേയിക്കേണ്ടതിനു ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. 5ഞാൻ ദാവീദിനു നീതിയുള്ളൊരു മുളയായവനെ ഉദ്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും. 6അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവനു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാട്. 7ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ, 8യിസ്രായേൽഗൃഹത്തിന്റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാൻ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവർ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.
9പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികളൊക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരി പിടിച്ചവനെപ്പോലെയും ആയിരിക്കുന്നു. 10ദേശം വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചൽപ്പുറങ്ങൾ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതുമാകുന്നു. 11പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. 12അതുകൊണ്ട് അവരുടെ വഴി അവർക്ക് ഇരുട്ടത്തു വഴുവഴുപ്പായിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്ക് അനർഥം, അവരുടെ സന്ദർശനകാലം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്. 13ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ ഭോഷത്തം കണ്ടിരിക്കുന്നു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച് എന്റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു. 14യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാൻ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവർ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവർ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികൾ ഗൊമോറാപോലെയും ഇരിക്കുന്നു. 15അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽ നിന്നല്ലോ വഷളത്തം ദേശത്തെല്ലാടവും പരന്നിരിക്കുന്നത്. 16സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദർശനമത്രേ അവർ പ്രവചിക്കുന്നത്. 17എന്നെ നിരസിക്കുന്നവരോട് അവർ: നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. 18യഹോവയുടെ വചനം ദർശിച്ചു കേൾപ്പാൻ തക്കവണ്ണം അവന്റെ ആലോചന സഭയിൽ നിന്നവൻ ആർ? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവൻ ആർ? 19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റു തന്നെ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. 20തന്റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങൾ അതിനെ പൂർണമായി ഗ്രഹിക്കും. 21ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു. 22അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു. 23ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാട്. 24ഞാൻ കാണാതവണ്ണം ആർക്കെങ്കിലും മറയത്ത് ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാട്. 25ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞ് എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു. 26സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താൽപര്യം എത്രത്തോളം ഉണ്ടായിരിക്കും? 27അവരുടെ പിതാക്കന്മാർ ബാൽനിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ട് എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന് ഇടവരുത്തുവാൻ വിചാരിക്കുന്നു. 28സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാട്. 29എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാട്. 30അതുകൊണ്ട് ഒരുത്തനോട് ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്‍ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്. 31തങ്ങളുടെ നാവെടുത്ത് അരുളപ്പാട് എന്നു പറയുന്ന പ്രവാചകന്മാർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്. 32വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടും വ്യർഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവർക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. 33ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോട്; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക. 34പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദർശിക്കും. 35യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടത്. 36യഹോവയുടെ ഭാരം എന്ന് ഇനി മിണ്ടരുത്; അല്ലെങ്കിൽ അവനവന്റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ. 37യഹോവ നിന്നോട് എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടത്. 38യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുത് എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്ക് പറകകൊണ്ടു 39ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽനിന്ന് എറിഞ്ഞുകളയും. 40അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy