YouVersion Logo
Search Icon

ന്യായാധിപന്മാർ 17

17
1എഫ്രയീംമലനാട്ടിൽ മീഖാവ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. 2അവൻ തന്റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാൻ കേൾക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ എന്ന് അവന്റെ അമ്മ പറഞ്ഞു. 3അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ: കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു. 4അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ അവന്റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്റെ കൈയിൽ കൊടുത്തു; അവൻ അതുകൊണ്ടു കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു. 5മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവൻ അവന്റെ പുരോഹിതനായിത്തീർന്നു. 6അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതുപോലെ നടന്നു.
7യെഹൂദായിലെ ബേത്‍ലഹേമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ വന്നു പാർത്തവനുമത്രേ. 8തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻവേണ്ടി അവൻ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി. 9മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു. 10മീഖാവ് അവനോട്: നീ എന്നോടുകൂടെ പാർത്ത് എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു. 11അവനോടുകൂടെ പാർപ്പാൻ ലേവ്യനു സമ്മതമായി; ആ യുവാവ് അവനു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നു. 12മീഖാവ് ലേവ്യനെ കരപൂരണം കഴിപ്പിച്ചു: യുവാവ് അവനു പുരോഹിതനായിത്തീർന്നു മീഖാവിന്റെ വീട്ടിൽ പാർത്തു. 13ഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മ ചെയ്യുമെന്ന് ഇപ്പോൾ തീർച്ചതന്നെ എന്നു മീഖാവ് പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy