YouVersion Logo
Search Icon

ന്യായാധിപന്മാർ 14

14
1അനന്തരം ശിംശോൻ തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു. 2അവൻ വന്ന് തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു. 3അവന്റെ അപ്പനും അമ്മയും അവനോട്: അഗ്രചർമികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടത് നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു. 4ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവൻ ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്.
5അങ്ങനെ ശിംശോനും അവന്റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരേ അലറിവന്നു. 6അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല. 7പിന്നെ അവൻ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു. 8കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. 9അത് അവൻ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തു എന്ന് അവൻ അവരോടു പറഞ്ഞില്ല. 10അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു. 11അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. 12ശിംശോൻ അവരോട്: ഞാൻ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതു വീട്ടിയാൽ ഞാൻ നിങ്ങൾക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം. 13വീട്ടുവാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവർ അവനോട്: നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ എന്നു പറഞ്ഞു.
14അവൻ അവരോട്:
ഭോക്താവിൽനിന്നു ഭോജനവും
മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു
എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാൻ മൂന്നു ദിവസത്തോളം അവർക്കു കഴിഞ്ഞില്ല. 15ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു. 16ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവൻ അവളോട്: എന്റെ അപ്പനും അമ്മയ്ക്കും ഞാൻ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു. 17വിരുന്നിന്റെ ഏഴു ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവൻ പറഞ്ഞുകൊടുത്തു; അവൾ തന്റെ അസ്മാദികൾക്കും കടം പറഞ്ഞുകൊടുത്തു. 18ഏഴാം ദിവസം സൂര്യൻ അസ്തമിക്കും മുമ്പേ പട്ടണക്കാർ അവനോടു: തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവൻ അവരോട്: നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു. 19പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവൻ അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവർക്ക് വസ്ത്രം കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിൽ പോയി. 20ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീർന്നു.

Highlight

Copy

Compare

Share

None

Want to have your highlights saved across all your devices? Sign up or sign in

Videos for ന്യായാധിപന്മാർ 14