YouVersion Logo
Search Icon

ന്യായാധിപന്മാർ 11

11
1ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രൻ ആയിരുന്നു; യിഫ്താഹിന്റെ ജനകനോ ഗിലെയാദ് ആയിരുന്നു. 2ഗിലെയാദിന്റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു; അവന്റെ ഭാര്യയുടെ പുത്രന്മാർ വളർന്നശേഷം അവർ യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞ് അവനെ നീക്കിക്കളഞ്ഞു. 3അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാർത്തു; നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്ന് അവനുമായി സഞ്ചരിച്ചു.
4കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യർ യിസ്രായേലിനോട് യുദ്ധംചെയ്തു. 5അമ്മോന്യർ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാൻ ചെന്നു. 6അവർ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു. 7യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങൾ എന്നെ പകച്ച് പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിൽ ആയ സമയം എന്റെ അടുക്കൽ എന്തിനു വരുന്നു എന്നു പറഞ്ഞു. 8ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്കയും ഗിലെയാദിലെ സകല നിവാസികൾക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. 9യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു. 10ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. 11അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പായിൽവച്ച് യഹോവയുടെ സന്നിധിയിൽ തന്റെ കാര്യമെല്ലാം പ്രസ്താവിച്ചു.
12അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധം ചെയ്‍വാൻ എന്റെ ദേശത്തു വരേണ്ടതിന് എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു. 13അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോട്: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോൾ അവർ അർന്നോൻമുതൽ യബ്ബോക് വരെയും യോർദ്ദാൻവരെയും ഉള്ള എന്റെ ദേശം അടക്കിയതു കൊണ്ടു തന്നെ; ഇപ്പോൾ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു. 14യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്, 15അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു: 16യിസ്രായേൽ മോവാബ്‍ദേശമോ അമ്മോന്യരുടെ ദേശമോ അടക്കിയിട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി. 17യിസ്രായേൽ എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു. 18അവർ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേശവും ചുറ്റിച്ചെന്ന് മോവാബ്‍ദേശത്തിന്റെ കിഴക്ക് എത്തി അർന്നോനക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർത്തിക്കകത്ത് അവർ കടന്നില്ല. 19പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്റെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്കു കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു. 20എങ്കിലും സീഹോൻ യിസ്രായേൽ തന്റെ ദേശത്തുകൂടെ കടന്നുപോകുവാൻ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു. 21യിസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അവന്റെ സകല ജനത്തെയും യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശമൊക്കെയും കൈവശമാക്കി. 22അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവർ പിടിച്ചടക്കി. 23യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാൻ പോകുന്നുവോ? 24നിന്റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും. 25സിപ്പോരിന്റെ മകനായ ബാലാക് എന്ന മോവാബ്‍രാജാവിനെക്കാളും നീ യോഗ്യനോ? അവൻ യിസ്രായേലിനോട് എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ? 26യിസ്രായേൽ ഹെശ്ബോനിലും അതിന്റെ പട്ടണങ്ങളിലും അരോവേരിലും അതിന്റെ പട്ടണങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാർത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങൾ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്? 27ആകയാൽ ഞാൻ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ. 28എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്ക് അമ്മോന്യരുടെ രാജാവ് കൂട്ടാക്കിയില്ല.
29അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവൻ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു. 30യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്റെ കൈയിൽ ഏല്പിക്കുമെങ്കിൽ 31ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാൻ ഹോമയാഗമായി അർപ്പിക്കും. 32ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്‍വാൻ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്റെ കൈയിൽ ഏല്പിച്ചു. 33അവൻ അവർക്ക് അരോവേർമുതൽ മിന്നീത്ത്‍വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.
34എന്നാൽ യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല. 35അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ, എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു. 36അവൾ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു. 37എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാൻ പർവതങ്ങളിൽ ചെന്ന് എന്റെ സഖിമാരുമായി എന്റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവൾ തന്റെ അപ്പനോടു പറഞ്ഞു. 38അതിന് അവൻ: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവൾ തന്റെ സഖിമാരുമായി ചെന്നു തന്റെ കന്യാത്വത്തെക്കുറിച്ചു പർവതങ്ങളിൽ വിലാപം കഴിച്ചു. 39രണ്ടു മാസം കഴിഞ്ഞിട്ട് അവൾ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു; അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല. 40പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy