YouVersion Logo
Search Icon

യെശയ്യാവ് 62

62
1സീയോനെക്കുറിച്ചു ഞാൻ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാൻ അടങ്ങിയിരിക്കയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ. 2ജാതികൾ നിന്റെ നീതിയെയും സകല രാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേർ നിനക്കു വിളിക്കപ്പെടും. 3യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കൈയിൽ രാജമുടിയും ആയിരിക്കും. 4നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിനു വിവാഹം കഴിയും. 5യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും. 6യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓർപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്. 7അവൻ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്. 8ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്ക് ആഹാരമായി കൊടുക്കയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു. 9അതിനെ ശേഖരിച്ചവർ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും. 10കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ, പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. 11ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട് എന്നു സീയോൻപുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു. 12അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy