YouVersion Logo
Search Icon

യെശയ്യാവ് 5

5
1ഞാൻ എന്റെ പ്രിയതമന് അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 2അവൻ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായിക്കും എന്ന് അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 3ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിൻ. 4ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? 5ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. 6ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. 7സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; 8എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! തങ്ങൾ മാത്രം ദേശമധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 9ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾപ്പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 10പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും. 11അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 12അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. 13അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണി കിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 14അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. 15അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. 16എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും. 17അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപ്പുറത്തെന്നപോലെ മേയും; പുഷ്‍ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.
18വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും 19അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
20തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!
21തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! 22വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും 23ആയുള്ളവർക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 24അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻപരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 25അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിക്കും; അവൻ അവരുടെ നേരേ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. 26അവൻ ദൂരത്തുള്ള ജാതികൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 27അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരുപ്പുവാറു പൊട്ടുകയുമില്ല. 28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 29അവരുടെ ഗർജനം സിംഹത്തിൻറേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജിക്കും; അവർ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല. 30അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരേ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy