YouVersion Logo
Search Icon

യെശയ്യാവ് 30:19-26

യെശയ്യാവ് 30:19-26 MALOVBSI

യെരൂശലേമ്യരായ സീയോൻനിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും. കർത്താവ് നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണ് നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും. വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കോ എന്നു പറകയും ചെയ്യും. നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്‍ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപ്പുറങ്ങളിൽ മേയും. നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേർത്തതുമായ തീൻ തിന്നും. മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാ മലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും. യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy