YouVersion Logo
Search Icon

യെശയ്യാവ് 28

28
1എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭ കിരീടത്തിനും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 2ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവൻ അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും. 3എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവൻ കാൽകൊണ്ടു ചവിട്ടിക്കളയും. 4ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പേ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചു തിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും. 5അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ളൊരു കിരീടവും ഭംഗിയുള്ളൊരു മുടിയും 6ന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവനു ന്യായത്തിന്റെ ആത്മാവും പട്ടണവാതിൽക്കൽ വച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
7എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞു കുടിച്ചു മത്തരാകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു. 8മേശകളൊക്കെയും ഛർദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല. 9“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിപ്പാൻ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ? 10ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവർ പറയുന്നു. 11അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും. 12ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്ന് അവൻ അവരോട് അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു. 13ആകയാൽ അവർ ചെന്നു പിറകോട്ടു വീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം, അവിടെ അല്പം” എന്ന് ആയിരിക്കും. 14അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേൾപ്പിൻ. 15ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോട് അടുത്തുവരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ. 16അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല. 17ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകും. 18മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുർബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകർന്നുപോകും. 19അത് ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും. 20കിടക്ക ഒരുത്തനു നിവിർന്നു കിടപ്പാൻ നീളം പോരാത്തതും പുതപ്പു പുതപ്പാൻ വീതി പോരാത്തതും ആകും. 21യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്റെ ക്രിയയെ, തന്റെ അപൂർവക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും. 22ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; സർവഭൂമിയിലും വരുവാൻ നിർണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു. 23ചെവിതന്ന് എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾപ്പിൻ. 24വിതപ്പാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതു കൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ? 25നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കയും ജീരകം വിതറുകയും കോതമ്പ് ഉഴവുപൊളിയിലും യവം അതിനുള്ള സ്ഥലത്തും ചെറുകോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ? 26അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു. 27കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നത്. 28മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവൻ അതിനെ ചതച്ചുകളകയില്ല. 29അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽക്കൃഷ്ടതയും ഉള്ളവനാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy