YouVersion Logo
Search Icon

യെശയ്യാവ് 10

10
1ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം 2നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർഥം എഴുതി വയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം! 3സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും? 4അവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളൂ. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
5എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു. 6ഞാൻ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നെ. 7അവനോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താൽപര്യം. 8അവൻ പറയുന്നത്: എന്റെ പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ? 9കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ? 10യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ, 11ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
12അതുകൊണ്ടു കർത്താവ് സീയോൻ പർവതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും. 13എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു. 14എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്‍വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവൻ പറയുന്നുവല്ലോ. 15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു. 16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻകീഴെ തീ കത്തുമ്പോലെ ഒന്നു കത്തും. 17യിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും. 18അവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചുപോകുന്നതു പോലെയിരിക്കും. 19അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം. 20അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർഥമായി ആശ്രയിക്കും. 21ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും. 22യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിർണയിക്കപ്പെട്ടിരിക്കുന്നു. 23എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ ഭൂമിയുടെയും മധ്യേ നിർണയിക്കപ്പെട്ട സംഹാരം വരുത്തും. 24അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ. 25ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ട് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും. 26ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും. 27അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. 28അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു. 29അവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൗലിന്റെ ഗിബെയാ ഓടിപ്പോയി. 30ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക. 31മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിനു വട്ടംകൂട്ടുന്നു. 32ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവതത്തിന്റെ നേരേ അവൻ കൈ കുലുക്കുന്നു. 33സൈന്യങ്ങളുടെ യഹോവയായ കർത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 34അവൻ വനത്തിലെ പള്ളക്കാടുകളെ ഇരുമ്പായുധം കൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീണുപോകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy