YouVersion Logo
Search Icon

എബ്രായർ 7

7
1ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു; 2അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാൽ സമാധാനത്തിന്റെ രാജാവ് എന്നും അർഥം. 3അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.
4ഇവൻ എത്ര മഹാൻ എന്ന് നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ. 5ലേവിപുത്രന്മാരിൽ പൗരോഹിത്യം ലഭിക്കുന്നവർക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ട്; അത് അബ്രാഹാമിന്റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്. 6എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു. 7ഉയർന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തർക്കം ഏതുമില്ലല്ലോ. 8ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻതന്നെ. 9ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തിൽ പറയാം. 10അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ.
11ലേവ്യപൗരോഹിത്യത്താൽ സമ്പൂർണത വന്നെങ്കിൽ -അതിൻകീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം? 12പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാൻ ആവശ്യം. 13എന്നാൽ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിൽ ഉള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല. 14യെഹൂദായിൽനിന്നു നമ്മുടെ കർത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല. 15ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറേ ഒരു പുരോഹിതൻ 16മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കിൽ അത് ഏറ്റവും അധികം തെളിയുന്നു. 17നീ മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്. 18മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും- 19ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. 20അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. 21ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ. 22ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു. 23മരണം നിമിത്തം അവർക്ക് നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. 24ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. 25അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
26ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; 27ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ. 28ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy