YouVersion Logo
Search Icon

എബ്രായർ 1

1
1ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട് 2ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിനും അവകാശിയാക്കി വച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി. 3അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും 4അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു. 5“നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 6ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം” എന്ന് താൻ അരുളിച്ചെയ്യുന്നു. 7“അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു. 8പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ. 9നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും 10“കർത്താവേ, നീ പൂർവകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. 11അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും; 12ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു. 13“ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്ന് ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ? 14അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy