YouVersion Logo
Search Icon

ഉൽപത്തി 6

6
1മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ 2ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. 3അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നെയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്ന് അരുളിച്ചെയ്തു. 4അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ. 5ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. 6താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി: 7ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. 8എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
9നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. 10ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. 11എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. 12ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
13ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. 14നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. 15അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. 16പെട്ടകത്തിനു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തു വയ്ക്കേണം; താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. 17ആകാശത്തിൻ കീഴിൽനിന്നും ജീവശ്വാസമുള്ള സർവജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. 18നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. 19സകല ജീവികളിൽനിന്നും, സർവജഡത്തിൽനിന്നും തന്നെ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. 20അതതുതരം പക്ഷികളിൽനിന്നും അതതുതരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതുതരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവരക്ഷയ്ക്കായിട്ടു നിന്റെ അടുക്കൽ വരേണം. 21നീയോ സകല ഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം. 22ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെതന്നെ അവൻ ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy