YouVersion Logo
Search Icon

യെഹെസ്കേൽ 29

29
1പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്റെ നേരേ മുഖംതിരിച്ച് അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചുപറയേണ്ടതെന്തെന്നാൽ: 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്ന്: ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു. 4ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യമൊക്കെയും നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും. 5ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെയൊക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും. 6മിസ്രയീംനിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് അവരൊക്കെയും ഞാൻ യഹോവ എന്ന് അറിയും. 7അവർ നിന്നെ കൈയിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞ് അവരുടെ തോൾ ഒക്കെയും കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോഴേക്ക് നീ ഒടിഞ്ഞ് അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി. 8അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ നേരേ വാൾ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും. 9മിസ്രയീംദേശം പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്ന് അവർ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്ന് അവൻ പറഞ്ഞുവല്ലോ. 10അതുകൊണ്ടു ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് മിസ്രയീംദേശത്തെ സെവേനെഗോപുരംമുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും. 11മനുഷ്യന്റെ കാൽ അതിൽക്കൂടി കടന്നുപോകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പത് സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും. 12ഞാൻ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാൻ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും. 13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാൻ മിസ്രയീമ്യരെ അവർ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും. 14ഞാൻ മിസ്രയീമിന്റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ്ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവർ ഒരു ഹീനരാജ്യമായിരിക്കും. 15അതു രാജ്യങ്ങളിൽവച്ച് അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറച്ചുകളയും. 16യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അത് ഇനി അവരുടെ അകൃത്യം ഓർപ്പിക്കുന്നതായൊരു ശരണമായിരിക്കയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും.
17ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരേ തന്റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തോലുരിഞ്ഞു പോയി; എങ്കിലും സോരിനു വിരോധമായി ചെയ്ത വേലയ്ക്ക് അവനോ അവന്റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല. 19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ടു കവർച്ചചെയ്യും; അത് അവന്റെ സൈന്യത്തിനു പ്രതിഫലമായിരിക്കും. 20ഞാൻ അവനു മിസ്രയീംദേശത്തെ അവൻ ചെയ്ത വേലയ്ക്കു പ്രതിഫലമായി കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലോ പ്രവർത്തിച്ചത് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 21അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാൻ യഹോവ എന്ന് അവർ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy