YouVersion Logo
Search Icon

യെഹെസ്കേൽ 25

25
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരേ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അമ്മോന്യരോടു പറയേണ്ടത്: 3യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ട്, 4ഞാൻ നിന്നെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും. 5ഞാൻ രബ്ബായെ ഒട്ടകങ്ങൾക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 6യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സർവനിന്ദയോടുംകൂടെ ഹൃദയപൂർവം സന്തോഷിച്ചതുകൊണ്ട്, 7ഞാൻ നിന്റെ നേരേ കൈ നീട്ടി നിന്നെ ജാതികൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽനിന്നു മുടിച്ചു നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും. 8യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്, 9ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ച് 10അവയെ അമ്മോന്യർ ജാതികളുടെ ഇടയിൽ ഓർക്കപ്പെടാതെ ഇരിക്കേണ്ടതിന്, അമ്മോന്യരോടുകൂടെ കിഴക്കുള്ളവർക്കു കൈവശമാക്കിക്കൊടുക്കും. 11ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധിനടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും.
12യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു. 13അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എദോമിന്റെ നേരേ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻമുതൽ ദേദാൻവരെ അവർ വാളിനാൽ വീഴും. 14ഞാൻ എന്റെ ജനമായ യിസ്രായേൽ മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവണ്ണം എദോമിനോട് ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടുംകൂടെ പകരം വീട്ടിയിരിക്കകൊണ്ട് 16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരേ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും. 17ഞാൻ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം അവരോടു നടത്തുമ്പോൾ, ഞാൻ യഹോവ എന്ന് അവർ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy