YouVersion Logo
Search Icon

യെഹെസ്കേൽ 20

20
1ഏഴാം ആണ്ട് അഞ്ചാം മാസം പത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്ന് എന്റെ മുമ്പിൽ ഇരുന്നു. 2അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 3മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോട് അരുളപ്പാട് ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട് എന്ന് അവരോടു പറയേണം. 4മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോട് അറിയിച്ചു പറയേണ്ടത്: 5യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയർത്തി സത്യം ചെയ്തു മിസ്രയീംദേശത്തുവച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്ന് കൈ ഉയർത്തിയുംകൊണ്ട് അവരോട് അരുളിച്ചെയ്തു. 6ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവർക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സർവദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക്, അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയർത്തി സത്യംചെയ്തു. 7അവരോട്: നിങ്ങൾ ഓരോരുത്തനും താന്താന്റെ കൺമുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുത്; ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു. 8അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കൺമുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽ വച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും എന്നും അരുളിച്ചെയ്തു. 9എങ്കിലും അവരുടെ ചുറ്റും പാർക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്, ഞാൻ എന്റെ നാമം നിമിത്തം പ്രവർത്തിച്ചു. 10അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു. 11ഞാൻ എന്റെ ചട്ടങ്ങളെ അവർക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും. 12ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവർ അറിയേണ്ടതിന് എനിക്കും അവർക്കും ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു. 13യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവച്ച്, എന്റെ ക്രോധം അവരുടെമേൽ പകർന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു. 14എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിനു ഞാൻ അതിൻനിമിത്തം പ്രവർത്തിച്ചു. 15അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേർന്നിരുന്നതുകൊണ്ട് അവർ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ 16ഞാൻ അവർക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സർവദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് ഞാൻ മരുഭൂമിയിൽ വച്ചു കൈ ഉയർത്തി സത്യം ചെയ്തു. 17എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽ വച്ച് അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്ക് അവരോട് അയ്യോഭാവം തോന്നി. 18ഞാൻ മരുഭൂമിയിൽവച്ച് അവരുടെ മക്കളോട്: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്; 19ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്ന് എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിപ്പിൻ; 20എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു. 21എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകർന്ന് എന്റെ കോപം അവരിൽ നിവർത്തിക്കും എന്ന് അരുളിച്ചെയ്തു. 22എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവർത്തിക്കയും ചെയ്തു. 23അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണ് അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ട്, 24ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ചു കൈ ഉയർത്തി അവരോടു സത്യംചെയ്തു. 25ഞാൻ അവർക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു. 26ഞാൻ യഹോവ എന്ന് അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന് അവർ എല്ലാ കടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി. 27അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു. 28അവർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയർന്ന എല്ലാ കുന്നും തഴച്ച സകല വൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അർപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൗരഭ്യവാസന നിവേദിക്കയും പാനീയബലികളെ പകരുകയും ചെയ്തു. 29നിങ്ങൾ പോകുന്ന പൂജാഗിരി എന്ത് എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിനു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു. 30അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ? 31നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 32നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല. 33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 34ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും 35ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും. 36മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 37ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും. 38എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാർക്കുന്ന രാജ്യത്തുനിന്ന് ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 39യിസ്രായേൽഗൃഹമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്ന് ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; 40എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപർവതത്തിൽ യിസ്രായേലിന്റെ ഉന്നതപർവതത്തിൽ തന്നെ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകല നിവേദ്യങ്ങളെയും ആഗ്രഹിക്കും. 41ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും. 42നിങ്ങളുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. 43അവിടെവച്ച് നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നെ മലിനമാക്കിയ സകല ക്രിയകളെയും ഓർക്കും; നിങ്ങൾ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നും. 44യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തംതന്നെ ഞാൻ നിങ്ങളോടു പ്രവർത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 45യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 46മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് ദക്ഷിണദേശത്തോടു പ്രസംഗിച്ച് തെക്കേദിക്കിലെ കാട്ടിനോടു പ്രവചിച്ചു 47തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേൾക്ക; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും. 48യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകല ജഡവും കാണും; അതു കെട്ടുപോകയുമില്ല. 49അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കർത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നത് എന്ന് അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy