YouVersion Logo
Search Icon

പുറപ്പാട് 16

16
1അവർ ഏലീമിൽനിന്നു യാത്ര പുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘമൊക്കെയും ഏലീമിനും സീനായിക്കും മധ്യേയുള്ള സീൻമരുഭൂമിയിൽ വന്നു. 2ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു. 3യിസ്രായേൽമക്കൾ അവരോട്: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും ചെയ്ത മിസ്രയീംദേശത്തുവച്ച് യഹോവയുടെ കൈയാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു. 4അപ്പോൾ യഹോവ മോശെയോട്: ഞാൻ നിങ്ങൾക്ക് ആകാശത്തുനിന്ന് അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന് അവർ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം. 5എന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നത് ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു. 6മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങൾ അറിയും. 7പ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളൂ എന്നു പറഞ്ഞു. 8മോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരേ നിങ്ങൾ പിറുപിറുക്കുന്നത് അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു. 9അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവസംഘത്തോടും പറക എന്നു പറഞ്ഞു. 10അഹരോൻ യിസ്രായേൽമക്കളുടെ സർവസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു. 11യഹോവ മോശെയോട്: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു. 12നീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്ത് അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു. 13വൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു. 14വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു. 15യിസ്രായേൽമക്കൾ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. 16ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 17യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി. 18ഇടങ്ങഴികൊണ്ട് അളന്നപ്പോൾ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു. 19പിറ്റന്നാളേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു. 20എങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു. 21അവർ രാവിലെതോറും അവനവനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും. 22എന്നാൽ ആറാം ദിവസം അവർ ആളൊന്നിന് ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോട് അറിയിച്ചു. 23അവൻ അവരോട്: അതു യഹോവ കല്പിച്ചതുതന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവയ്പിൻ. 24മോശെ കല്പിച്ചതുപോലെ അവർ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല. 25അപ്പോൾ മോശെ പറഞ്ഞത്: ഇത് ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അതു വെളിയിൽ കാണുകയില്ല. 26ആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അത് ഉണ്ടാകയില്ല. 27എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല. 28അപ്പോൾ യഹോവ മോശെയോട്: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്ക് എത്രത്തോളം മനസ്സില്ലാതിരിക്കും? 29നോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്ത് ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുത് എന്നു കല്പിച്ചു. 30അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു. 31യിസ്രായേല്യർ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു. 32പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിത്: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിനു സൂക്ഷിച്ചുവയ്പാൻ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു. 33അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വച്ചുകൊൾക എന്നു പറഞ്ഞു. 34യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു. 35കുടിപാർപ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്ന ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്ന ഭക്ഷിച്ചു. 36ഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy