YouVersion Logo
Search Icon

എസ്ഥേർ 5

5
1മൂന്നാം ദിവസം എസ്ഥേർ രാജവസ്ത്രം ധരിച്ചുംകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്റെ നേരേ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിനു നേരേ തന്റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു. 2എസ്ഥേർരാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോൾ അവന് അവളോട് കൃപ തോന്നി തന്റെ കൈയിൽ ഇരുന്ന പൊൻചെങ്കോൽ രാജാവ് എസ്ഥേറിന്റെ നേരേ നീട്ടി; എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു. 3രാജാവ് അവളോട്: എസ്ഥേർരാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു. 4അതിന് എസ്ഥേർ: രാജാവിനു തിരുവുള്ളം ഉണ്ടായിട്ടു ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും ഇന്നു വരേണം എന്ന് അപേക്ഷിച്ചു. 5എസ്ഥേർ പറഞ്ഞതുപോലെ ചെയ്‍വാൻ ഹാമാനെ വേഗം വരുത്തുവിൻ എന്നു രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിനു ചെന്നു.
6വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: നിന്റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചുതരാം എന്നു പറഞ്ഞു. 7അതിന് എസ്ഥേർ: എന്റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു; 8രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്റെ അപേക്ഷ നല്കുവാനും എന്റെ ആഗ്രഹം നിവർത്തിപ്പാനും രാജാവിനു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാൻ ഇനിയും ഒരുക്കുന്ന വിരുന്നിനു വരേണം; നാളെ ഞാൻ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. 9അന്നു ഹാമാൻ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്റെ വാതിൽക്കൽ മൊർദ്ദെഖായി എഴുന്നേല്ക്കാതെയും തന്നെ കൂസാതെയും ഇരിക്കുന്നത് കണ്ട് ഹാമാൻ മൊർദ്ദെഖായിയുടെ നേരേ കോപം നിറഞ്ഞു. 10എങ്കിലും ഹാമാൻ തന്നെത്താൻ അടക്കിക്കൊണ്ട് തന്റെ വീട്ടിൽ ചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു. 11ഹാമാൻ അവരോടു തന്റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാർക്കും രാജഭൃത്യന്മാർക്കും മേലായി തന്നെ ഉയർത്തിയിരിക്കുന്നതും വിവരിച്ചുപറഞ്ഞു. 12എസ്ഥേർരാജ്ഞിയും താൻ ഒരുക്കിയ വിരുന്നിനും എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാൻ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിനു ചെല്ലുവാൻ എന്നെ ക്ഷണിച്ചിരിക്കുന്നു. 13എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു. 14അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന് നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിനു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാനു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy