YouVersion Logo
Search Icon

സഭാപ്രസംഗി 7

7
1നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. 2വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും. 3ചിരിയെക്കാൾ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോൾ ഹൃദയം സുഖമായിരിക്കും. 4ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ. 5മൂഢന്റെ ഗീതം കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശാസന കേൾക്കുന്നത് മനുഷ്യന് നല്ലത്. 6മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ. 7കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു. 8ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്; ഗർവമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ. 9നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവിൽ അല്ലോ നീരസം വസിക്കുന്നത്. 10പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ. 11ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികൾക്കും അതു ബഹുവിശേഷം. 12ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത. 13ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? 14സുഖകാലത്തു സുഖമായിരിക്ക; അനർഥകാലത്തോ ചിന്തിച്ചുകൊൾക; മനുഷ്യൻ തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.
15ഞാൻ എന്റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാൻ ഉണ്ട്; തന്റെ ദുഷ്ടതയിൽ ദീർഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്. 16അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു? 17അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു? 18നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും. 19ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം. 20പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. 21പറഞ്ഞുകേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. 22നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.
23ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു. 24ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും? 25ഞാൻ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു. 26മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും. 27കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കീട്ട് ഞാൻ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു: 28ഞാൻ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ. 29ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy