YouVersion Logo
Search Icon

സഭാപ്രസംഗി 12

12
1നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദിവസങ്ങൾ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും 2സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്തശേഷം മേഘങ്ങൾ മടങ്ങിവരികയും ചെയ്യുംമുമ്പേ തന്നെ. 3അന്നു വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽക്കൂടി നോക്കുന്നവർ അന്ധന്മാരാകും; 4തെരുവിലെ കതകുകൾ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും; 5അന്ന് അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞു നടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും. 6അന്നു വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും. 7പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. 8ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു. 9സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവൻ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ച് ശോധന കഴിച്ച് അനേകം സദൃശവാക്യം ചമയ്ക്കയും ചെയ്തു. 10ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ സഭാപ്രസംഗി ഉത്സാഹിച്ചു. 11ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു. 12എന്നാൽ എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ.
13എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അത് ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്. 14ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy