YouVersion Logo
Search Icon

ആവർത്തനപുസ്തകം 27

27
1മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ. 2നിങ്ങൾ യോർദ്ദാൻ കടന്ന് നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം: 3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം. 4ആകയാൽ നിങ്ങൾ യോർദ്ദാൻ കടന്നിട്ട് ഞാൻ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽ പർവതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം. 5അവിടെ നിന്റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്. 6ചെത്താത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങൾ അർപ്പിക്കേണം. 7സമാധാനയാഗങ്ങളും അർപ്പിച്ച് അവിടെവച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം; 8ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു. 10ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
11അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: 12നിങ്ങൾ യോർദ്ദാൻ കടന്നശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീം പർവതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ. 13ശപിപ്പാൻ ഏബാൽപർവതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി. 14അപ്പോൾ ലേവ്യർ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:
15ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്ന് ഉത്തരം പറയേണം.
16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
17കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
18കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
20അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
23അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
26ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy