YouVersion Logo
Search Icon

കൊലൊസ്സ്യർ 2

2
1നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, 2അവർ ക്രിസ്തുവെന്ന ദൈവമർമത്തിന്റെ പരിജ്ഞാനവും വിവേകപൂർണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാൻ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. 3അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. 4വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. 5ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു.
6ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; 7അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.
8തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. 9അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്. 10എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു. 11അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. 12സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു. 13അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; 14അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; 15വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗം വയ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
16അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. 17ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്. 18താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്. 19തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.
20നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ 21മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നത് എന്ത്? 22ഇതെല്ലാം ഉപയോഗത്താൽ നശിച്ചുപോകുന്നതത്രേ. 23അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy