YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 9:1-21

അപ്പൊ. പ്രവൃത്തികൾ 9:1-21 MALOVBSI

ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്കൊസിൽ ഈ മാർഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാൻ തക്കവണ്ണം അവിടത്തെ പള്ളികൾക്ക് അവനോട് അധികാരപത്രം വാങ്ങി. അവൻ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്റെ ചുറ്റും മിന്നി; അവൻ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്ന് അവൻ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ. നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവൻ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു. ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി; അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു. എന്നാൽ അനന്യാസ് എന്നൊരു ശിഷ്യൻ ദമസ്കൊസിൽ ഉണ്ടായിരുന്നു; അവനെ കർത്താവ് ഒരു ദർശനത്തിൽ: അനന്യാസേ എന്നു വിളിച്ചു. കർത്താവേ, അടിയൻ ഇതാ എന്ന് അവൻ വിളി കേട്ടു. കർത്താവ് അവനോട്: നീ എഴുന്നേറ്റു നേർവീഥി എന്ന തെരുവിൽ ചെന്ന്, യൂദായുടെ വീട്ടിൽ തർസൊസുകാരനായ ശൗൽ എന്നു പേരുള്ളവനെ അന്വേഷിക്ക; അവൻ പ്രാർഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷൻ അകത്തു വന്നു താൻ കാഴ്ച പ്രാപിക്കേണ്ടതിന് തന്റെമേൽ കൈ വയ്ക്കുന്നത് അവൻ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന് അനന്യാസ്: കർത്താവേ, ആ മനുഷ്യൻ യെരൂശലേമിൽ നിന്റെ വിശുദ്ധന്മാർക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിരിക്കുന്നു. ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാൻ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു. കർത്താവ് അവനോട്: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്റെ നാമത്തിനുവേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവൻ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാൾ പാർത്തു, യേശു തന്നെ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു. കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy