YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 4

4
1അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരേ വന്നു, 2അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. 3അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ട് പിറ്റന്നാൾവരെ കാവലിലാക്കി. 4എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി.
5പിറ്റന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; 6മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവരൊക്കെയും ഉണ്ടായിരുന്നു. 7ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. 8പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, 9ഈ ബലഹീനമനുഷ്യന് ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ 10നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനമൊക്കെയും അറിഞ്ഞുകൊൾവിൻ. 11വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ട് കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻതന്നെ. 12മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
13അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. 14സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവർക്ക് എതിർപറവാൻ വകയില്ലായിരുന്നു. 15അവരോട് ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: 16ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. 17എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജനം ചെയ്യേണം എന്നു പറഞ്ഞു. 18പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു. 19അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. 20ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു. 21എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജനം ചെയ്ത് അവരെ വിട്ടയച്ചു. 22ഈ അദ്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
23വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു. 24അതു കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? 26ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു”
എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, 27നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, 28സംഭവിക്കേണം എന്നു നിന്റെ കൈയും നിന്റെ ആലോചനയും മുൻനിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം. 29ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. 30സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. 31ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
32വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. 33അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. 34മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവരൊക്കെയും അവയെ വിറ്റു വില കൊണ്ടുവന്ന് 35അപ്പൊസ്തലന്മാരുടെ കാല്ക്കൽ വയ്ക്കും; പിന്നെ ഓരോരുത്തന് അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചു കൊടുക്കും.
36പ്രബോധനപുത്രൻ എന്ന് അർഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ 37തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy