YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 10

10
1കൈസര്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊർന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപൻ ഉണ്ടായിരുന്നു. 2അവൻ ഭക്തനും തന്റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധർമം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാർഥിച്ചും പോന്നു. 3അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 4അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്റെ പ്രാർഥനയും ധർമവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു. 5ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. 6അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു. 7അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു 8സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്ക് അയച്ചു.
9പിറ്റന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണി നേരത്ത് പ്രാർഥിപ്പാൻ വെൺമാടത്തിൽ കയറി. 10അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു. 11ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവൻ കണ്ടു. 12അതിൽ ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. 13പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി. 14അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കർത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ. 15ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു. 16ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
17ഈ കണ്ട ദർശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോൾ കൊർന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു: 18പത്രൊസ് എന്നു മറുപേരുള്ള ശിമോൻ ഇവിടെ പാർക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. 19പത്രൊസ് ദർശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു; 20നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു. 21പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻതന്നെ; നിങ്ങൾ വന്ന സംഗതി എന്ത് എന്നു ചോദിച്ചു. 22അതിന് അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊർന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്ന് ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു. 23അവൻ അവരെ അകത്തു വിളിച്ചു പാർപ്പിച്ചു; പിറ്റന്നാൾ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
24പിറ്റന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. 25പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. 26പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു. 27അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്: 28അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. 29അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. 30അതിന് കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: 31കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേട്ടു നിന്റെ ധർമം ഓർത്തിരിക്കുന്നു. 32യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോല്ക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. 33ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു: നീ വന്നത് ഉപകാരം. കർത്താവ് നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
34അപ്പോൾ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും 35ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർഥമായി ഗ്രഹിക്കുന്നു. 36അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽമക്കൾക്ക് അയച്ച വചനം, 37യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽതുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വർത്തമാനം, 38നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ. 39യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു; 40ദൈവം അവനെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്പിച്ചു, 41സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കുതന്നെ പ്രത്യക്ഷനാക്കിത്തന്നു. 42ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻതന്നെ എന്ന് ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോട് കല്പിച്ചു. 43അവനിൽ വിശ്വസിക്കുന്ന ഏവനും അവന്റെ നാമംമൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
44ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. 45അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേൾക്കയാൽ 46പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകർന്നതു കണ്ട് വിസ്മയിച്ചു. 47നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചുകൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. 48പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy