YouVersion Logo
Search Icon

2 തിമൊഥെയൊസ് 3

3
1അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. 2മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും 4ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ 5ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക. 6വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാമോഹങ്ങൾക്കും അധീനരായി 7എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു; 8യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെതന്നെ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ. 9അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും. 10നീയോ എന്റെ ഉപദേശം, നടപ്പ്, ഉദ്ദേശ്യം,വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും 11അന്ത്യൊക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽനിന്നും കർത്താവ് എന്നെ വിടുവിച്ചു. 12എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും. 13ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും. 14നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ട് 15നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക. 16എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് 17ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy