YouVersion Logo
Search Icon

2 ശമൂവേൽ 13

13
1അതിന്റെശേഷം സംഭവിച്ചത്: ദാവീദിന്റെ മകനായ അബ്ശാലോമിനു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു. 2തന്റെ സഹോദരിയായ താമാർ നിമിത്തം മാൽ മുഴുത്തിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാൻ അമ്നോനു പ്രയാസം തോന്നി. 3എന്നാൽ അമ്നോനു ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതൻ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു. 4അവൻ അവനോട്: നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോൻ അവനോട്: എന്റെ സഹോദരനായ അബ്ശാലോമിന്റെ പെങ്ങൾ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5യോനാദാബ് അവനോട്: നീ രോഗം നടിച്ച് കിടക്കയിൽ കിടന്നുകൊൾക; നിന്നെ കാൺമാൻ നിന്റെ അപ്പൻ വരുമ്പോൾ നീ അവനോട്: എന്റെ സഹോദരിയായ താമാർ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഞാൻ കാൺകെ അവൾ എന്റെ മുമ്പിൽവച്ചു തന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിച്ചുകൊൾക എന്നു പറഞ്ഞു.
6അങ്ങനെ അമ്നോൻ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാൺമാൻ വന്നപ്പോൾ അമ്നോൻ രാജാവിനോട്: എന്റെ സഹോദരിയായ താമാർ വന്നു ഞാൻ അവളുടെ കൈയിൽനിന്ന് എടുത്തു ഭക്ഷിക്കേണ്ടതിന് എന്റെ മുമ്പിൽവച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു. 7ഉടനെ ദാവീദ് അരമനയിൽ താമാറിന്റെ അടുക്കൽ ആളയച്ചു. നിന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു. 8താമാർ തന്റെ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു; അവൻ കിടക്കുകയായിരുന്നു. അവൾ മാവ് എടുത്തു കുഴച്ച് അവന്റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു. 9ഉരുളിയോടെ എടുത്ത് അവന്റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാൻ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കൽനിന്നു പുറത്തുപോയി. 10അപ്പോൾ അമ്നോൻ താമാറിനോട്: ഞാൻ നിന്റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു. 11അവൻ ഭക്ഷിക്കേണ്ടതിന് അവൾ അവയെ അവന്റെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവളെ പിടിച്ച് അവളോട്: സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 12അവൾ അവനോട്: എന്റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ. 13എന്റെ അവമാനം ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവൻ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു. 14എന്നാൽ അവൻ, അവളുടെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ, അവളെക്കാൾ ബലമുള്ളവനാകകൊണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു. 15പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു; അവൻ അവളെ സ്നേഹിച്ച സ്നേഹത്തെക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്ന് അമ്നോൻ അവളോടു പറഞ്ഞു; 16അവൾ അവനോട്: അങ്ങനെയരുത്; നീ എന്നോടു ചെയ്ത മറ്റേ ദോഷത്തെക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേൾപ്പാൻ മനസ്സായില്ല. 17അവൻ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോട്: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടച്ചുകളക എന്നു പറഞ്ഞു. 18അവൾ നിലയങ്കി ധരിച്ചിരുന്നു; രാജകുമാരികളായ കന്യകമാർ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരൻ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു. 19അപ്പോൾ താമാർ തലയിൽ വെണ്ണീർ വാരിയിട്ടു താൻ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കൈയുംവച്ചു നിലവിളിച്ചുംകൊണ്ടു നടന്നു. 20അവളുടെ സഹോദരനായ അബ്ശാലോം അവളോട്: നിന്റെ സഹോദരനായ അമ്നോൻ നിന്റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവൻ നിന്റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് എന്നു പറഞ്ഞു. അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി പാർത്തു. 21ദാവീദുരാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോൾ അവന്റെ കോപം ഏറ്റവും ജ്വലിച്ചു. 22എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്റെ സഹോദരിയായ താമാറിനെ അമ്നോൻ അവമാനിച്ചതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു. 23രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. 24അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു. 25രാജാവ് അബ്ശാലോമിനോട്: വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു. 26അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവ് അവനോട്: അവൻ പോരുന്നത് എന്തിന് എന്നു പറഞ്ഞു. 27എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു. 28എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോട്: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു. 29അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി. 30അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിനു വർത്തമാനം എത്തി. 31അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു. 32എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവർ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിർണയം കാൺമാൻ ഉണ്ടായിരുന്നു. 33ആകയാൽ രാജകുമാരന്മാരൊക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവ് ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ. 34എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തി നോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു. 35അപ്പോൾ യോനാദാബ് രാജാവിനോട്: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്ക് ഒത്തുവല്ലോ എന്നു പറഞ്ഞു. 36അവൻ സംസാരിച്ചു തീർന്നപ്പോഴേക്കും രാജകുമാരന്മാർ വന്ന് ഉറക്കെ കരഞ്ഞു. രാജാവും സകല ഭൃത്യന്മാരും വാവിട്ടുകരഞ്ഞു. 37എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്റെ മകനായി ഗെശൂർരാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.
38ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു. 39എന്നാൽ ദാവീദുരാജാവ് അബ്ശാലോമിനെ കാൺമാൻ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy