YouVersion Logo
Search Icon

2 രാജാക്കന്മാർ 17

17
1യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലായുടെ മകനായ ഹോശേയ യിസ്രായേലിനു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു. 2അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും. 3അവന്റെ നേരേ അശ്ശൂർരാജാവായ ശൽമനേസെർ പുറപ്പെട്ടു വന്നു; ഹോശേയ അവന് ആശ്രിതനായിത്തീർന്ന് കപ്പം കൊടുത്തുവന്നു. 4എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയയ്ക്കയും അശ്ശൂർരാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുത്തയയ്ക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർരാജാവ് അവനിൽ ദ്രോഹം കണ്ടിട്ട് അവനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി. 5അശ്ശൂർരാജാവ് രാജ്യത്ത് എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്ന് അതിനെ മൂന്നു സംവത്സരം നിരോധിച്ചു. 6ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ച് യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻനദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു. 7യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ച് മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് അന്യദൈവങ്ങളെ ഭജിക്കയും 8യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു. 9യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു, കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാ പട്ടണങ്ങളിലും പൂജാഗിരികൾ പണിതു. 10അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻകീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു. 11യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകല പൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു. 12ഈ കാര്യം ചെയ്യരുത് എന്ന് യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു. 13എന്നാൽ യഹോവ സകല പ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദായോടും: നിങ്ങളുടെ ദുർമാർഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം നിങ്ങൾക്ക് അയച്ചുതന്നതുമായ ന്യായപ്രമാണത്തിനൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു. 14എങ്കിലും അവർ കേൾക്കാതെ, തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു, 15അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോട് അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുത് എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെത്തന്നെ അവർ പിന്തുടർന്നു. 16അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെയൊക്കെയും ഉപേക്ഷിച്ചുകളഞ്ഞു; തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ച് അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവസൈന്യത്തെയും നമസ്കരിച്ച് ബാലിനെയും സേവിച്ചുപോന്നു. 17അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ച് പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കേണ്ടതിന് അവന് അനിഷ്ടമായുള്ളതു ചെയ്‍വാൻ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. 18അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല. 19യെഹൂദായും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചുനടന്നു. 20ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കൈയിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. 21അവൻ യിസ്രായേലിനെ ദാവീദ്ഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ, യഹോവയെ വിട്ടുമാറുവാൻ ഇടയാക്കി അവരെക്കൊണ്ടു വലിയൊരു പാപം ചെയ്യിച്ചു. 22അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകല പാപങ്ങളിലും നടന്നു. 23അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു. 24അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്ന് ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യ കൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു. 25അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ട് യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു. 26അപ്പോൾ അവർ അശ്ശൂർരാജാവിനെ അറിയിച്ചത്: നീ കുടി നീക്കി ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കകൊണ്ട് അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു. 27അതിന് അശ്ശൂർരാജാവ്: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്ന് അവിടെ പാർക്കയും അവർ ആദേശത്തെ ദൈവത്തിന്റെ മാർഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു. 28അങ്ങനെ അവർ ശമര്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തൻ വന്നു ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ടുന്നവിധം അവർക്ക് ഉപദേശിച്ചുകൊടുത്തു. 29എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാർത്തുവന്ന പട്ടണങ്ങളിൽ ശമര്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു. 30ബാബേൽക്കാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; 31ഹമാത്തുകാർ അശീമയെ ഉണ്ടാക്കി; അവ്വക്കാർ നിബ്ബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും തങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു. 32അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽ നിന്നു തന്നെ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കുവേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗം കഴിക്കയും ചെയ്യും. 33അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾവിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു. 34ഇന്നുവരെയും അവർ മുമ്പിലത്തെ മര്യാദപ്രകാരംതന്നെ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാർഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യാക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചു നടക്കുന്നതുമില്ല. 35യഹോവ അവരോട് ഒരു നിയമം ചെയ്തു കല്പിച്ചത് എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവയ്ക്കു യാഗം കഴിക്കയും ചെയ്യാതെ 36നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവനു മാത്രം യാഗം കഴിക്കയും വേണം. 37അവൻ നിങ്ങൾക്ക് എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുത്. 38ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുത്; അന്യദൈവങ്ങളെ ഭജിക്കയുമരുത്. 39നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകല ശത്രുക്കളുടെയും കൈയിൽനിന്നു വിടുവിക്കും. 40എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു. 41അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൗത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy