YouVersion Logo
Search Icon

2 ദിനവൃത്താന്തം 21

21
1യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി. 2അവനു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. 3അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവനു കൊടുത്തു. 4യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നെത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. 5യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. 6ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. 7എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു. 8അവന്റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. 9യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകല രഥങ്ങളോടുംകൂടെ ചെന്ന് രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു. 10എന്നാൽ എദോം ഇന്നുവരെ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്തു തന്നെ ലിബ്നായും അവന്റെ മേലധികാരത്തോടു മത്സരിച്ചു. 11അവൻ യെഹൂദാപർവതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദായെ തെറ്റിച്ചു കളഞ്ഞു. 12അവന് ഏലീയാപ്രവാചകന്റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസായുടെ വഴികളിലും നടക്കാതെ 13യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദായെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു 14യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകല വസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും. 15നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും. 16യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അറബികളുടെയും മനസ്സ് യെഹോരാമിന്റെ നേരേ ഉണർത്തി; 17അവർ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല. 18ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. 19കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല. 20അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy