YouVersion Logo
Search Icon

2 ദിനവൃത്താന്തം 19

19
1യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോൾ 2ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത്‍രാജാവിനോട്: ദുഷ്ടനു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകയ്ക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ? അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു. 3എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവയ്ക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
4യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തി. 5അവൻ ദേശത്തു പട്ടണംതോറും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു: 6നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവയ്ക്കുവേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. 7ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ. 8യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായിട്ടും വ്യവഹാരം തീർക്കേണ്ടതിനായിട്ടും നിയമിച്ചു; അവർ യെരൂശലേമിൽ മടങ്ങിവന്നു. 9അവൻ അവരോട് കല്പിച്ചതെന്തെന്നാൽ: നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം. 10അതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധ രക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ച് ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോട് അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിനു നിങ്ങൾ അവർക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊൾവിൻ. 11ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാ കാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവ് രാജാവിന്റെ എല്ലാ കാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്ക് ഉണ്ട്. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy