YouVersion Logo
Search Icon

1 തെസ്സലൊനീക്യർ 5

5
1സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. 2കള്ളൻ രാത്രിയിൽ വരുംപോലെ കർത്താവിന്റെ നാൾ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ. 3അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. 4എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; 5നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. 6ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. 7ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക. 9ദൈവം നമ്മെ കോപത്തിനല്ല, 10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്. 11ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർധന വരുത്തിയും പോരുവിൻ.
12സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ് 13അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. 14സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. 15ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; 16എപ്പോഴും സന്തോഷിപ്പിൻ; 17ഇടവിടാതെ പ്രാർഥിപ്പിൻ; 18എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. 19ആത്മാവിനെ കെടുക്കരുത്. 20പ്രവചനം തുച്ഛീകരിക്കരുത്. 21സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. 22സകലവിധ ദോഷവും വിട്ടകലുവിൻ.
23സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും.
25സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ.
26സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താൽ വന്ദനം ചെയ്‍വിൻ. 27കർത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy