YouVersion Logo
Search Icon

1 ശമൂവേൽ 9

9
1ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു. 2അവന് ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾ മുതൽ പൊക്കമേറിയവൻ ആയിരുന്നു. 3ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോട്: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്ന് കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു. 4അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല. 5സൂഫ്ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോട്: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
6അതിന് അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ട്; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്ന് അവനോടു പറഞ്ഞു. 7ശൗൽ തന്റെ ഭൃത്യനോട്: നാം പോകുന്നു എങ്കിൽ ആ പുരുഷന് എന്താകുന്നു കൊണ്ടുപോകേണ്ടത്? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷനു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്ക് എന്തുള്ളൂ എന്നു ചോദിച്ചു. 8ഭൃത്യൻ ശൗലിനോട്: എന്റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാൻ ദൈവപുരുഷനു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.- 9പണ്ട് യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.- 10ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി. 11അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ട് അവരോട്: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു. 12അവർ അവരോട്: ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ട്. 13നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു. 14അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരേ വരുന്നു.
15എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി: 16നാളെ ഇന്നേരത്ത് ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയയ്ക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു. 17ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോട്: ഞാൻ നിന്നോട് അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു. 18അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു. 19ശമൂവേൽ ശൗലിനോട്: ദർശകൻ ഞാൻ തന്നെ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്ര അയയ്ക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം. 20മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു. 21അതിന് ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു. 22പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേർ ഉണ്ടായിരുന്നു. 23ശമൂവേൽ വെപ്പുകാരനോട്: നിന്റെ പക്കൽവച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു. 24വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽവച്ചു. നിനക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നത് ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് ഇത് ഉത്സവത്തിനുവേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു. 25അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു. 26അവർ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയയ്ക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നെ, വെളിയിലേക്കു പുറപ്പെട്ടു, 27പട്ടണത്തിന്റെ അറ്റത്ത് എത്തിയപ്പോൾ ശമൂവേൽ ശൗലിനോട്: ഭൃത്യൻ മുമ്പേ കടന്നുപോകുവാൻ പറക;- അവൻ കടന്നുപോയി; - ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം നില്ക്ക എന്നു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy