YouVersion Logo
Search Icon

1 രാജാക്കന്മാർ 14

14
1ആ കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് ദീനം പിടിച്ചു കിടപ്പിലായി. 2യൊരോബെയാം തന്റെ ഭാര്യയോട്: നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷം മാറി ശീലോവിലേക്കു പോകേണം; ഈ ജനത്തിനു ഞാൻ രാജാവാകും എന്ന് എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. 3നിന്റെ കൈയിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. 4യൊരോബെയാമിന്റെ ഭാര്യ അങ്ങനെതന്നെ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർധക്യം നിമിത്തം കണ്ണു മങ്ങിയിരുന്നതുകൊണ്ടു കാൺമാൻ വഹിയാതെയിരുന്നു. 5എന്നാൽ യഹോവ അഹീയാവോട്: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തുവരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്ന് അരുളിച്ചെയ്തു. 6അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹീയാവ് കേട്ടിട്ട് പറഞ്ഞതെന്തെന്നാൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തുവരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നത് എന്തിന്? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ട്. 7നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടുന്നത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി. 8രാജത്വം ദാവീദുഗൃഹത്തിൽനിന്നു കീറിയെടുത്ത് നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ 9നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു. 10അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർഥം വരുത്തി യൊരോബെയാമിനുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെയൊക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും, കാഷ്ഠം കോരിക്കളയുന്നതുപോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും. 11യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു. 12ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. 13യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്റെ ഗൃഹത്തിൽവച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. 14യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾത്തന്നെ എന്ത്? 15യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും. 16പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപം നിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും. 17എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ട് തിർസ്സായിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു. 18യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു. 19യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 20യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവനു പകരം രാജാവായി.
21ശലോമോന്റെ മകനായ രെഹബെയാം യെഹൂദായിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവനു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. 22യെഹൂദാ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ട് അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു. 23എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. 24പുരുഷമൈഥുനക്കാരും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകല മ്ലേച്ഛതകളും അവർ അനുകരിച്ചു. 25എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു, 26യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തു കൊണ്ടുപോയി. 27ഇവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു. 28രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വയ്ക്കുകയും ചെയ്യും. 29രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 30രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. 31രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവനു പകരം രാജാവായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy