YouVersion Logo
Search Icon

1 കൊരിന്ത്യർ 6

6
1നിങ്ങളിൽ ഒരുത്തനു മറ്റൊരുത്തനോട് ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുവാൻ തുനിയുന്നുവോ? 2വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? 3നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം? 4എന്നാൽ നിങ്ങൾക്ക് ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? 5നിങ്ങൾക്കു ലജ്ജയ്ക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? 6അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽതന്നെ. 7നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതുതന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്? 8അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കുതന്നെ. 9അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 10കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 11നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.
12സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട് എങ്കിലും ഞാൻ യാതൊന്നിനും അധീനനാകയില്ല. 13ഭോജ്യങ്ങൾ വയറ്റിനും വയറു ഭോജ്യങ്ങൾക്കും ഉള്ളത്; എന്നാൽ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുർന്നടപ്പിനല്ല കർത്താവിനത്രേ; കർത്താവു ശരീരത്തിനും. 14എന്നാൽ ദൈവം കർത്താവിനെ ഉയിർപ്പിച്ചതുപോലെ നമ്മെയും തന്റെ ശക്തിയാൽ ഉയിർപ്പിക്കും. 15നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങൾ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആക്കാമോ? ഒരുനാളും അരുത്. 16വേശ്യയോടു പറ്റിച്ചേരുന്നവൻ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ. 17കർത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു. 18ദുർന്നടപ്പു വിട്ട് ഓടുവിൻ. മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിനു പുറത്താകുന്നു. ദുർന്നടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു. 19ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy