YouVersion Logo
Search Icon

1 ദിനവൃത്താന്തം 16:1-11

1 ദിനവൃത്താന്തം 16:1-11 MALOVBSI

ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. അവൻ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു. അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി. അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ: യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവനു പാടി കീർത്തനം ചെയ്‍വിൻ; അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ. അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ. യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy