YouVersion Logo
Search Icon

THUFINGTE 6

6
മുന്നറിയിപ്പുകൾ
1മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നില്‌ക്കുകയോ
അന്യനുവേണ്ടി ഉറപ്പു കൊടുക്കുകയോ
2നിന്റെ വാക്കുകളാൽത്തന്നെ കെണിയിൽപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
3നീ ഇപ്രകാരം പ്രവർത്തിച്ച് രക്ഷപെടുക.
നീ അയൽക്കാരന്റെ പിടിയിൽ പെട്ടിരിക്കുന്നുവല്ലോ;
നീ വേഗം പോയി അയൽക്കാരനോടു നിർബന്ധപൂർവം അപേക്ഷിക്കുക.
4അതുവരെ നിന്റെ കണ്ണിനു നിദ്രയും
നിന്റെ കൺപോളകൾക്ക് മയക്കവും അനുവദിക്കരുത്.
5നായാട്ടുകാരന്റെ കെണിയിൽനിന്ന് കലമാനെപ്പോലെയോ
വേട്ടക്കാരന്റെ കുടുക്കിൽനിന്ന് പക്ഷിയെപ്പോലെയോ നീ രക്ഷപെടുക.
6മടിയാ, നീ ഉറുമ്പിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ബുദ്ധിമാനായിത്തീരുക.
7നായകനോ, മേലധികാരിയോ, ഭരണാധിപനോ ഇല്ലാതിരുന്നിട്ടും
8അതു വേനൽക്കാലത്ത് ആഹാരം തേടുന്നു;
കൊയ്ത്തുകാലത്ത് ജീവസന്ധാരണത്തിനുള്ള വക സംഭരിക്കുന്നു.
9മടിയാ, നീ എത്രനേരം ഇങ്ങനെ കിടക്കും?
മയക്കത്തിൽനിന്ന് നീ എപ്പോഴാണ് എഴുന്നേല്‌ക്കുക?
10അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം;
കൈ കെട്ടിക്കിടന്ന് അല്പനേരം കൂടി വിശ്രമിക്കാം.
11അപ്പോൾ ദാരിദ്ര്യം യാചകനെപ്പോലെ വന്നുകയറും;
ഇല്ലായ്മ ആയുധപാണിയെപ്പോലെ നിന്നെ പിടികൂടും.
12വിലകെട്ടവനും ദുഷ്കർമിയുമായവൻ വക്രത സംസാരിച്ചുകൊണ്ടു നടക്കും.
13അവൻ കണ്ണുകൊണ്ടു സൂചന നല്‌കും, പാദംകൊണ്ടു നിലത്തു തോണ്ടും;
വിരൽകൊണ്ട് ആംഗ്യം കാട്ടും.
14നിരന്തരം കലഹം വിതച്ചുകൊണ്ട് അവന്റെ കുടിലഹൃദയം ദുഷ്ടത ആസൂത്രണം ചെയ്യുന്നു.
15ഉടനേ അവന് ആപത്തുണ്ടാകും.
വീണ്ടെടുക്കാൻ കഴിയാത്തവിധം നിമിഷങ്ങൾക്കകം അവൻ തകർന്നുപോകും.
16ആറു കാര്യങ്ങൾ സർവേശ്വരൻ വെറുക്കുന്നു.
ഏഴാമതൊന്നുകൂടി അവിടുന്നു മ്ലേച്ഛമായി കരുതുന്നു.
17ഗർവുപൂണ്ട കണ്ണുകളും വ്യാജം പറയുന്ന നാവും
നിർദോഷിയെ വധിക്കുന്ന കരവും
18ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിലേക്കു പായുന്ന കാലുകളും
19വ്യാജം ഇടവിടാതെ പറയുന്ന കള്ളസ്സാക്ഷിയെയും
സഹോദരന്മാരെ തമ്മിൽ ഭിന്നിപ്പിക്കുന്നവനെയുംതന്നെ.
20മകനേ, നിന്റെ പിതാവിന്റെ കല്പന അനുസരിക്കുക;
നിന്റെ മാതാവിന്റെ ഉപദേശങ്ങൾ നിരസിക്കരുത്.
21അവ എപ്പോഴും നിന്റെ ഹൃദയത്തിൽ ഉറപ്പിച്ചുകൊള്ളുക;
അവ നിന്റെ കഴുത്തിൽ അണിയുക.
22നടക്കുമ്പോൾ അവ നിന്നെ നയിക്കും;
ഉറങ്ങുമ്പോൾ നിന്നെ കാക്കും;
ഉണരുമ്പോൾ നിന്നെ പ്രബോധിപ്പിക്കും.
23കല്പന വിളക്കും പ്രബോധനം വെളിച്ചവും
ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ മാർഗവുമാകുന്നു.
24അവ ദുർവൃത്തരിൽനിന്നും വ്യഭിചാരിണിയുടെ ചക്കരവാക്കുകളിൽ നിന്നും നിന്നെ രക്ഷിക്കും.
25അവളുടെ സൗന്ദര്യത്തിൽ നീ മതിമറക്കരുത്;
കടക്കണ്ണുകൊണ്ടു നിന്നെ വശീകരിക്കാൻ അവളെ അനുവദിക്കയുമരുത്.
26വേശ്യക്ക് ഒരു അപ്പക്കഷണം മതിയായിരിക്കാം പ്രതിഫലം.
എന്നാൽ അവൾ ഒരു മനുഷ്യന്റെ ജീവനെത്തന്നെ അപകടപ്പെടുത്തുന്നു.
27തന്റെ വസ്ത്രം കരിയാതെ ഒരുവനു മടിയിൽ തീ കൊണ്ടുനടക്കാമോ?
28കാലു പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?
29അതുപോലെയാണ് അയൽക്കാരന്റെ ഭാര്യയെ പ്രാപിക്കുന്നവനും.
പരസ്‍ത്രീയെ സ്പർശിക്കുന്ന ഒരുവനും ശിക്ഷ കിട്ടാതിരിക്കുകയില്ല.
30വിശന്നുവലഞ്ഞവൻ വിശപ്പ് അടക്കാനായി
മോഷ്‍ടിച്ചാലും ആളുകൾ അവനെ നിന്ദിക്കുകയില്ലേ?
31പിടികൂടപ്പെട്ടാൽ, ഏഴിരട്ടി മടക്കിക്കൊടുക്കണം
വീട്ടിലുള്ള സമസ്തവസ്തുക്കളും അതിലേക്കായി അവൻ നല്‌കേണ്ടിവരുമല്ലോ.
32വ്യഭിചരിക്കുന്നവനു സുബോധമില്ല;
അവൻ സ്വയം നശിക്കുന്നു.
33അവനു പ്രഹരവും അപമാനവും ലഭിക്കും;
അവന്റെ അവമതി മാഞ്ഞുപോകുന്നുമില്ല.
34ജാരശങ്ക ഭർത്താവിനെ കോപാന്ധനാക്കുന്നു;
അവൻ പ്രതികാരം ചെയ്യുന്നതിൽ ഇളവുകാട്ടുകയില്ല.
35ഒരു നഷ്ടപരിഹാരവും അവൻ സ്വീകരിക്കുകയില്ല;
എത്ര സമ്മാനം നല്‌കിയാലും അവൻ പ്രീണിതനാവുകയില്ല.

Currently Selected:

THUFINGTE 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy