YouVersion Logo
Search Icon

THUFINGTE 1

1
സുഭാഷിതങ്ങളുടെ മൂല്യം
1ഇസ്രായേൽരാജാവും ദാവീദിന്റെ പുത്രനുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
2മനുഷ്യർക്ക് ജ്ഞാനവും പ്രബോധനവും ലഭിക്കാനും
ഉൾക്കാഴ്ച നല്‌കുന്ന വാക്കുകൾ ഗ്രഹിക്കാനും
3വിവേകപൂർവമായ ജീവിതം, നീതി, ന്യായം, സത്യസന്ധത എന്നിവ പരിശീലിക്കാനും ഇവ ഉപകരിക്കും.
4ചഞ്ചലന്മാർക്കു വിവേകവും യുവാക്കൾക്കു ജ്ഞാനവും ലഭിക്കാനും
ഈ സുഭാഷിതങ്ങൾ പ്രയോജനപ്പെടും.
5ഇതു കേട്ട് ജ്ഞാനമുള്ളവന്റെ അറിവു വർധിക്കും.
വിവേകശാലിക്ക് മാർഗദർശനം ലഭിക്കും.
6അങ്ങനെ അവർക്ക് സുഭാഷിതവും ആലങ്കാരിക പ്രയോഗങ്ങളും പ്രതിരൂപ വചനങ്ങളും വൈജ്ഞാനിക സൂക്തങ്ങളും ഗ്രഹിക്കാൻ കഴിയും.
യുവജനങ്ങൾക്കുള്ള ഉപദേശം
7ദൈവഭക്തി ജ്ഞാനത്തിന്റെ ഉറവിടം ആകുന്നു.
ജ്ഞാനവും പ്രബോധനവും വെറുക്കുന്നവർ ഭോഷന്മാരാകുന്നു.
8മകനേ, നിന്റെ പിതാവിന്റെ പ്രബോധനം കേൾക്കുക,
മാതാവിന്റെ ഉപദേശം തള്ളിക്കളകയുമരുത്.
9അവ നിന്റെ ശിരസ്സിന് അലങ്കാരവും
കഴുത്തിന് ആഭരണവും ആയിരിക്കും.
10മകനേ, പാപികളുടെ പ്രലോഭനത്തിനു നീ വശംവദനാകരുത്.
11അവർ പറഞ്ഞേക്കാം: “ഞങ്ങളുടെ കൂടെ വരിക;
നമുക്ക് പതിയിരുന്ന് കൊലപാതകം നടത്താം, ഒളിച്ചിരുന്ന് നിഷ്കളങ്കനെ തോന്നിയതുപോലെ കടന്നാക്രമിക്കാം.
12പാതാളം എന്നപോലെ നമുക്ക് അവരെ ജീവനോടെ വിഴുങ്ങാം.
അവർ അഗാധഗർത്തത്തിൽ പതിക്കുന്നവരെപ്പോലെയാകും.
13നമുക്കു വിലയേറിയ സമ്പത്തു ലഭിക്കും.
കൊള്ളമുതൽകൊണ്ടു നമ്മുടെ വീടുകൾ നിറയ്‍ക്കാം.
14നീ ഞങ്ങളുടെ പങ്കാളിയാകുക.
നമുക്കു പണസ്സഞ്ചി ഒന്നേ ഉണ്ടായിരിക്കൂ.”
15മകനേ, നീ അവരുടെ വഴിയേ പോകരുത്. അവരുടെ പാതയിൽനിന്ന് ഒഴിഞ്ഞു നില്‌ക്കുക.
16അവർ തിന്മ ചെയ്യാൻ വെമ്പൽകൊള്ളുന്നു.
രക്തം ചിന്താൻ തിടുക്കം കൂട്ടുന്നു.
17പക്ഷി കാൺകെ വല വിരിക്കുന്നതു നിഷ്പ്രയോജനമാണല്ലോ;
18എന്നാൽ ഇവർ സ്വന്തം ജീവനുവേണ്ടി കെണിവയ്‍ക്കുന്നു.
19അക്രമത്തിലൂടെ നേട്ടമുണ്ടാക്കുന്നവരുടെ ഗതി ഇതാണ്.
അത് അവരുടെ ജീവൻ അപഹരിക്കും.
ജ്ഞാനത്തിന്റെ ആഹ്വാനം
20ജ്ഞാനം തെരുവീഥിയിൽനിന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു;
ചന്തസ്ഥലങ്ങളിൽ അവൾ തന്റെ ശബ്ദം കേൾപ്പിക്കുന്നു;
21മതിലുകളുടെ മുകളിൽ നിന്നുകൊണ്ട് അവൾ ഉദ്ഘോഷിക്കുന്നു.
നഗരകവാടങ്ങളിൽനിന്ന് അവൾ പ്രസ്താവിക്കുന്നു.
22അവിവേകികളേ, എത്രകാലം നിങ്ങൾ അവിവേകം വച്ചു പുലർത്തും?
പരിഹാസികൾ എത്രകാലം തങ്ങളുടെ പരിഹാസത്തിൽ രസിക്കും?
ഭോഷന്മാരേ, എത്രകാലം നിങ്ങൾ ജ്ഞാനത്തെ വെറുക്കും?
23എന്റെ ശാസനം ശ്രദ്ധിക്കുക;
ഇതാ, ഞാൻ എന്റെ ചിന്തകൾ നിങ്ങൾക്കു പകർന്നുതരുന്നു;
എന്റെ വചനങ്ങൾ നിങ്ങൾക്കു ഞാൻ വെളിവാക്കിത്തരുന്നു.
24ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിച്ചില്ലല്ലോ?
ഞാൻ കൈ നീട്ടിയെങ്കിലും ആരും കൂട്ടാക്കിയില്ലല്ലോ?
25എന്റെ സകല ആലോചനകളും നിങ്ങൾ അവഗണിച്ചു;
എന്റെ ശാസനകളെ നിരാകരിച്ചു.
26അതുകൊണ്ട് നിങ്ങളുടെ അനർഥത്തിൽ ഞാൻ ആഹ്ലാദിക്കും;
നിങ്ങൾ സംഭീതരാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും;
27നിങ്ങളെ കൊടുംഭീതി കൊടുങ്കാറ്റുപോലെയും
അനർഥം ചുഴലിക്കാറ്റുപോലെയും ആഞ്ഞടിച്ച്
നിങ്ങൾക്ക് കഷ്ടതയും കഠിനവേദനയും ഉണ്ടാകുമ്പോൾ ഞാൻ നിങ്ങളെ പരിഹസിക്കും.
28അപ്പോൾ നിങ്ങൾ എന്നെ വിളിക്കും; ഞാൻ ഉത്തരം നല്‌കുകയില്ല.
നിങ്ങൾ ജാഗ്രതയോടെ എന്നെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29നിങ്ങൾ ജ്ഞാനത്തെ വെറുത്തു;
ദൈവഭക്തി തള്ളിക്കളഞ്ഞു.
30നിങ്ങൾ എന്റെ ഉപദേശം വകവച്ചില്ല എന്റെ ശാസന നിരസിച്ചു,
31സ്വന്തം പ്രവൃത്തികളുടെ ഫലം നിങ്ങൾ അനുഭവിക്കും.
നിങ്ങളുടെ ഉപായങ്ങളിൽ നിങ്ങൾക്ക് മടുപ്പുതോന്നും.
32എന്നെ ഉപേക്ഷിച്ചതുമൂലം അവിവേകികൾ കൊല്ലപ്പെടും.
ഭോഷന്മാരുടെ അലംഭാവം അവരെ നശിപ്പിക്കും.
33എന്നാൽ എന്റെ വാക്കു ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായി വസിക്കും.
അനർഥഭയം കൂടാതെ അവൻ സ്വൈരമായിരിക്കും.

Currently Selected:

THUFINGTE 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy