YouVersion Logo
Search Icon

NEHEMIA 9

9
പാപം ഏറ്റുപറയുന്നു
1ആ മാസം ഇരുപത്തിനാലാം ദിവസം ഇസ്രായേൽജനം ഉപവസിച്ച് ചാക്കുതുണി ഉടുത്തു തലയിൽ പൂഴി വാരിയിട്ട് സമ്മേളിച്ചു. 2ഇസ്രായേൽജനം അന്യജനതകളിൽനിന്നു വേർതിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു. 3പിന്നീട് അവർ സ്വസ്ഥാനങ്ങളിൽ എഴുന്നേറ്റു നിന്നു മൂന്നു മണിക്കൂറോളം തങ്ങളുടെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്ര പുസ്‍തകം വായിച്ചുകേൾക്കുകയും മൂന്നു മണിക്കൂർ പാപങ്ങൾ ഏറ്റുപറഞ്ഞ് അവിടുത്തെ ആരാധിക്കുകയും ചെയ്തു. 4ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാ, ബുന്നി, ശേരെബ്യാ, ബാനി, കെനാനി എന്നിവർ ലേവ്യരുടെ വേദിയിൽ നിന്നുകൊണ്ടു ദൈവമായ സർവേശ്വരനോടു നിലവിളിച്ചു പ്രാർഥിച്ചു. 5പിന്നീട് ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാ, ശേരെബ്യാ, ഹോദിയാ, ശെബന്യാ, പെദഹ്യാ എന്നിവർ പറഞ്ഞു: “നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ സർവേശ്വരനെ എന്നുമെന്നും വാഴ്ത്തുക; സകല സ്തുതികൾക്കും സ്തോത്രങ്ങൾക്കും അതീതനായ അവിടുത്തെ മഹത്ത്വമേറിയ നാമം വാഴ്ത്തപ്പെടട്ടെ.”
6എസ്രാ തുടർന്നു: “അവിടുന്ന്, അവിടുന്നു മാത്രം ആണ് സർവേശ്വരൻ. അവിടുന്നു സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും സകല വാനഗോളങ്ങളെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും സൃഷ്‍ടിച്ചു. അവിടുന്ന് അവയെ എല്ലാം സംരക്ഷിക്കുന്നു; വാനഗോളങ്ങൾ അങ്ങയെ നമസ്കരിക്കുന്നു. 7അബ്രാമിനെ തിരഞ്ഞെടുത്തു കല്ദയരുടെ പട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രഹാം എന്നു പേരു നല്‌കിയ ദൈവമായ സർവേശ്വരൻ അവിടുന്നുതന്നെ. 8അബ്രഹാം വിശ്വസ്തനാണെന്ന് അവിടുന്നു മനസ്സിലാക്കി; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗസ്യർ എന്നിവരുടെ ദേശം അദ്ദേഹത്തിന്റെ പിൻതലമുറകൾക്ക് കൊടുക്കും എന്ന് അവിടുന്ന് ഉടമ്പടി ചെയ്തു. നീതിമാനായ അവിടുന്ന് അതു നിറവേറ്റി. 9ഈജിപ്തിൽ ഞങ്ങളുടെ പിതാക്കന്മാർ അനുഭവിച്ച കഷ്ടതകൾ അവിടുന്നു കണ്ടു; ചെങ്കടലിന്റെ തീരത്തുവച്ച് അവരുടെ നിലവിളി കേട്ടു. 10ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടു ധിക്കാരപൂർവം പ്രവർത്തിച്ചത് അവിടുന്ന് അറിഞ്ഞു. ഫറവോയ്‍ക്കും അയാളുടെ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അദ്ഭുതങ്ങളും കാട്ടി. അങ്ങനെ അവിടുത്തെ നാമം പ്രസിദ്ധമായി. അത് ഇന്നും നിലനില്‌ക്കുന്നു. 11അവിടുന്ന് ഇസ്രായേൽജനത്തിന്റെ മുമ്പിൽ കടലിനെ രണ്ടായി വിഭജിച്ചു. അങ്ങനെ അവർ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരെ പിന്തുടർന്നവരെ ആഴജലത്തിൽ വീണ കല്ല് എന്നപോലെ അവിടുന്നു സമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞു. 12അവിടുന്ന് പകൽ മേഘസ്തംഭത്താൽ അവരെ നയിച്ചു; രാത്രിയിൽ അഗ്നിസ്തംഭത്തിന്റെ പ്രകാശത്താൽ അവരെ വഴി നടത്തി. 13സ്വർഗത്തിൽനിന്നു സീനായ്പർവതത്തിൽ ഇറങ്ങിവന്ന് അവിടുന്ന് അവരോടു സംസാരിച്ചു; യഥാർഥ നീതിനിഷ്ഠമായ വിധികളും നിയമങ്ങളും ഉചിതമായ ചട്ടങ്ങളും കല്പനകളും അവർക്കു നല്‌കി. 14വിശുദ്ധശബത്ത് എങ്ങനെ ആചരിക്കണമെന്ന് അവിടുന്ന് അവരെ അറിയിച്ചു. അവിടുത്തെ ദാസനായ മോശയിലൂടെ അവർക്ക് ചട്ടങ്ങളും കല്പനകളും നിയമങ്ങളും നല്‌കി. 15അവരുടെ വിശപ്പടക്കാൻ ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹം ശമിപ്പിക്കുന്നതിനു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു. അവർക്കു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കാൻ അവരോടു കല്പിച്ചു. 16എന്നാൽ അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ച് അങ്ങയോടു ദുശ്ശാഠ്യം കാണിച്ചു; അവിടുത്തെ കല്പനകൾ അനുസരിച്ചില്ല. 17അവിടുത്തെ അനുസരിക്കാൻ അവർ വിസമ്മതിച്ചു. അവർ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങൾ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാർദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാൽ അവരെ കൈവിട്ടില്ല. 18അവർ തങ്ങൾക്ക് ആരാധിക്കാൻ വേണ്ടി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. “ഇത് ഞങ്ങളെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന ദൈവം, എന്നു പറഞ്ഞ് അങ്ങയെ അത്യന്തം ദുഷിച്ചു. 19എങ്കിലും അവിടുത്തെ മഹാകരുണയാൽ അവരെ മരുഭൂമിയിൽവച്ചു കൈവിട്ടില്ല; പകൽ അവരെ നയിച്ച മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം നല്‌കിയ അഗ്നിസ്തംഭവും അവരെ വിട്ടുമാറിയില്ല. 20അവർക്കു നല്ല ഉപദേശം ലഭിക്കാൻ അവിടുത്തെ ചൈതന്യം അവരിൽ പകർന്നു. അവർക്കു മന്നയും ദാഹശമനത്തിനു ജലവും അവിടുന്നു തുടർന്നും നല്‌കി. 21ഇങ്ങനെ അവിടുന്ന് അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി; അവർക്കു ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല; അവരുടെ പാദങ്ങൾ വീങ്ങിയതുമില്ല.
22അവിടുന്നു രാജ്യങ്ങളെയും ജനതകളെയും അവരുടെ കൈയിൽ ഏല്പിച്ചു; അത് അവർക്ക് വിഭജിച്ചു കൊടുത്തു. അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യങ്ങൾ കൈവശമാക്കി. 23ഇസ്രായേലിന്റെ സന്തതികളെ അവിടുന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിച്ചു; കൈവശമാക്കാൻ അവരുടെ പിതാക്കന്മാരോടു കല്പിച്ചിരുന്ന ദേശത്തേക്ക് അവരെ നയിച്ചു. 24അവർ ചെന്നു ദേശം കൈവശമാക്കി. ദേശവാസികളായ കനാന്യരെ അവിടുന്ന് അവർക്കു കീഴ്പെടുത്തി. യഥേഷ്ടം പ്രവർത്തിക്കാൻ തക്കവിധം അവരുടെ രാജാക്കന്മാരെയും ജനതകളെയും അവരുടെ കൈയിൽ ഏല്പിച്ചു കൊടുത്തു. 25അവർ സുരക്ഷിത നഗരങ്ങളും ഫലപുഷ്ടമായ ദേശവും പിടിച്ചടക്കി. വിശിഷ്ട വിഭവങ്ങൾ നിറഞ്ഞ വീടുകൾ, കിണറുകൾ, മുന്തിരിത്തോട്ടങ്ങൾ, ഒലിവുതോട്ടങ്ങൾ, ധാരാളമായ ഫലവൃക്ഷങ്ങൾ എന്നിവ കൈവശമാക്കി; അവർ വേണ്ടുവോളം ഭക്ഷിച്ചു തൃപ്തരായി തടിച്ചു കൊഴുത്തു; അവിടുന്നു നല്‌കിയ വിശിഷ്ട വസ്തുക്കൾ അവർ അനുഭവിച്ച് ആഹ്ലാദിച്ചു. 26എന്നിട്ടും അവർ അങ്ങയെ അനുസരിക്കാതെ മത്സരിച്ചു; അവിടുത്തെ നിയമം അവർ പുറന്തള്ളി. അങ്ങയിലേക്കു മടങ്ങിവരാൻ ആവശ്യപ്പെട്ട പ്രവാചകരെ അവർ വധിച്ചു. അങ്ങനെ അവർ അങ്ങയെ വളരെയധികം നിന്ദിച്ചു. 27അതിനാൽ അവിടുന്ന് അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. കഷ്ടതയിൽ അവർ വിളിച്ചപേക്ഷിച്ചു. അപ്പോൾ സ്വർഗത്തിൽനിന്ന് അവിടുന്ന് അതു കേട്ടു. അവിടുത്തെ കാരുണ്യാതിരേകത്താൽ അവർക്കു വിമോചകരെ നല്‌കി. അവർ അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. 28എന്നാൽ സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ ഭരിച്ചു. അവർ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്നു സ്വർഗത്തിൽനിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താൽ പലതവണ അവിടുന്ന് അവരെ വിടുവിച്ചു. 29അവിടുത്തെ നിയമമനുസരിക്കാൻ അവിടുന്ന് അവരോടു കല്പിച്ചു. എങ്കിലും അവർ അഹങ്കാരത്തോടെ ജീവിച്ചു; അവിടുത്തെ കല്പനകൾ ലംഘിച്ച് പാപം ചെയ്തു. അങ്ങനെ ദുശ്ശാഠ്യക്കാരായ അവർ ജീവദായകമായ കല്പനകൾ അനുസരിച്ചില്ല. 30അവിടുന്നു ദീർഘകാലം അവരോടു ക്ഷമിച്ചു. പ്രവാചകരിലൂടെ അവിടുത്തെ ആത്മാവ് അവർക്കു മുന്നറിയിപ്പു നല്‌കി; എന്നാൽ അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ അന്യജനതകൾക്ക് ഏല്പിച്ചുകൊടുത്തു. 31എങ്കിലും അവിടുത്തെ കാരുണ്യാതിരേകത്താൽ അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കയോ കൈവിടുകയോ ചെയ്തില്ല. അവിടുന്നു കൃപയും കരുണയുമുള്ള ദൈവമാണല്ലോ. 32മഹോന്നതനും ബലവാനും ഭീതിദനും ഉടമ്പടി പാലിക്കുന്നവനും കരുണാനിധിയുമായ ഞങ്ങളുടെ ദൈവമേ, അസ്സീറിയൻരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ഞങ്ങളുടെ പിതാക്കന്മാരും സർവജനങ്ങളും സഹിക്കേണ്ടിവന്ന കഷ്ടതകൾ അവിടുന്നു നിസ്സാരമായി ഗണിക്കരുതേ. 33ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു. 34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പിതാക്കന്മാരും അവിടുത്തെ നിയമം അനുസരിച്ചില്ല; അവിടുത്തെ കല്പനകളും അവിടുന്നു നല്‌കിയ മുന്നറിയിപ്പും അവഗണിച്ചു. 35അവിടുന്ന് അവർക്ക് അധീനമാക്കിക്കൊടുത്ത വിസ്തൃതവും ഫലപുഷ്‍ടിയുള്ളതുമായ സ്വന്തം ദേശത്ത് അവിടുന്നു നല്‌കിയ നന്മകൾ അനുഭവിക്കുമ്പോഴും അവർ അങ്ങയെ സേവിച്ചില്ല. അവർ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഉപേക്ഷിച്ചുമില്ല. 36ഞങ്ങൾ ഇന്ന് അടിമകളാണ്; സൽഫലങ്ങളും നന്മകളും അനുഭവിക്കാൻ ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു ഞങ്ങൾ ഇന്ന് അടിമകളാണ്. 37ഞങ്ങളുടെ പാപങ്ങൾ നിമിത്തം അവിടുന്നു ഞങ്ങളുടെമേൽ അധീശരാക്കിയിരിക്കുന്ന രാജാക്കന്മാർ ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കുന്നു. ഞങ്ങളുടെയും ഞങ്ങളുടെ കന്നുകാലികളുടെയുംമേൽ എന്തും പ്രവർത്തിക്കാനുള്ള അധികാരം അവർക്കുണ്ട്. ഞങ്ങൾ വലിയ കഷ്ടതയിൽ ആയിരിക്കുന്നു.
ഉടമ്പടിയിൽ ഒപ്പുവയ്‍ക്കുന്നു
38അതുകൊണ്ട് ഞങ്ങൾ ഒരു ഉടമ്പടി എഴുതിയുണ്ടാക്കിയിരിക്കുന്നു. അതിൽ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും ഒപ്പുവയ്‍ക്കുന്നു.

Currently Selected:

NEHEMIA 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy