YouVersion Logo
Search Icon

MATHAIA 6:19-29

MATHAIA 6:19-29 MALCLBSI

“നിങ്ങളുടെ നിക്ഷേപങ്ങൾ ഈ ഭൂമിയിൽ സൂക്ഷിച്ചു വയ്‍ക്കരുത്; ഇവിടെ കീടവും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയും കള്ളന്മാർ കുത്തിക്കവരുകയും ചെയ്യും. നിങ്ങളുടെ നിക്ഷേപങ്ങൾ സ്വർഗത്തിൽ സൂക്ഷിച്ചുവയ്‍ക്കുക. അവിടെ കീടങ്ങളും തുരുമ്പും തിന്ന് അവയെ നശിപ്പിക്കുകയോ, കള്ളന്മാർ കുത്തിക്കവരുകയോ ചെയ്യുന്നില്ല; നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും. “കണ്ണാണു ശരീരത്തിന്റെ വിളക്ക്; നിങ്ങളുടെ കണ്ണിനു പൂർണമായ കാഴ്ചയുള്ളപ്പോൾ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും. എന്നാൽ നിങ്ങളുടെ കണ്ണിനു വൈകല്യമുണ്ടെങ്കിൽ ശരീരം ആസകലം ഇരുട്ടായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുളാകുന്നുവെങ്കിൽ ആ ഇരുൾ എത്ര വലുത്! “രണ്ടു യജമാനന്മാരെ സേവിക്കുവാൻ ഒരു അടിമയ്‍ക്കും സാധ്യമല്ല. ഒന്നുകിൽ അവൻ ഒരുവനെ അവഗണിച്ച് അപരനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുവനോടു കൂറുള്ളവനായിരുന്ന് അപരനെ നിന്ദിക്കും. നിങ്ങൾക്കു ദൈവത്തെയും ധനദേവതയെയും സേവിക്കുക സാധ്യമല്ല. “ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോർത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോർത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവൻ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ? ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയെ പോറ്റിപ്പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ വിലയുള്ളവരല്ലേ? “ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുർദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിലാർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങൾ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻ രാജാവ് തന്റെ മഹാപ്രതാപത്തിൽപോലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല.

Free Reading Plans and Devotionals related to MATHAIA 6:19-29