MATHAIA 27:1-25

MATHAIA 27:1-25 MALCLBSI

അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാൻ വട്ടംകൂട്ടി. അവർ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവർണറായ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോൾ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീർന്നു. അയാൾ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കൽ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു. “അതിനു ഞങ്ങൾക്കെന്ത്? അതു നിന്റെ കാര്യം” എന്ന് അവർ മറുപടി പറഞ്ഞു. യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു. പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്റെ വിലയാണ്, ശ്രീഭണ്ഡാരത്തിൽ നിക്ഷേപിക്കുവാൻ പാടില്ല” എന്നു പറഞ്ഞു. അവർ തമ്മിൽ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്റെ നിലം വാങ്ങി. അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു. “ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേൽജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം അവർ കൊടുത്ത് കർത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു. യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു. “താങ്കൾ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്‌കി. പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും യേശു മറുപടി പറഞ്ഞില്ല. അപ്പോൾ പീലാത്തോസ് ചോദിച്ചു: “നിങ്ങൾക്കെതിരെ ഇവർ പറയുന്ന ആരോപണങ്ങളെല്ലാം കേൾക്കുന്നില്ലേ?” യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതിൽ ഗവർണർ അത്യന്തം ആശ്ചര്യപ്പെട്ടു. ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്‍ക്കുക പതിവായിരുന്നു. അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു: ‘ഞാൻ നിങ്ങൾക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?” അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ അടുക്കൽ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു. പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ഒരു സന്ദേശം കൊടുത്തയച്ചു. അതിൽ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാൻ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.” ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു. “ഈ രണ്ടുപേരിൽ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ഗവർണർ ചോദിച്ചപ്പോൾ: “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു. “അപ്പോൾ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവർ എല്ലാവരും ചേർന്നു വിളിച്ചുപറഞ്ഞു. “അയാൾ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു. എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോൾ പീലാത്തോസ് ജനസഞ്ചയത്തിന്റെ മുമ്പിൽവച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്റെ രക്തം ചൊരിയുന്നതിൽ ഞാൻ നിരപരാധനാണ്; നിങ്ങൾ തന്നെ അതിനുത്തരവാദികൾ” എന്നു പറഞ്ഞു. “ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.
MALCLBSI: സത്യവേദപുസ്തകം C.L. (BSI)
Share