YouVersion Logo
Search Icon

MATHAIA 24

24
ദേവാലയത്തിന്റെ നാശത്തെക്കുറിച്ച്
(മർക്കോ. 13:1-2; ലൂക്കോ. 21:5-6)
1യേശു അവിടംവിട്ടു പോകുമ്പോൾ ദേവാലയവും അതോടനുബന്ധിച്ചുള്ള കെട്ടിടങ്ങളും അവിടുത്തെ കാണിച്ചുകൊടുക്കുവാൻ ശിഷ്യന്മാർ അടുത്തുചെന്നു. 2യേശു അവരോടു പറഞ്ഞു: “നിങ്ങൾ ഇവയെല്ലാം കാണുന്നുണ്ടല്ലോ: ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഒരു കല്ലും മറ്റൊന്നിന്മേൽ ശേഷിക്കാതെ ഇവയെല്ലാം സമൂലം നശിപ്പിക്കപ്പെടും.”
കഷ്ടതകളും പീഡനങ്ങളും
(മർക്കോ. 13:3-13; ലൂക്കോ. 21:7-19)
3യേശു ഒലിവുമലയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ശിഷ്യന്മാർ തനിച്ചുചെന്ന് അവിടുത്തോടു ചോദിച്ചു: “അത് എപ്പോഴാണ് സംഭവിക്കുന്നത്? അങ്ങയുടെ വരവിന്റെയും യുഗപര്യവസാനത്തിന്റെയും അടയാളം എന്താണ്? ഞങ്ങൾക്കു പറഞ്ഞുതന്നാലും.”
4യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക; 5‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ അനേകമാളുകൾ വരും; അവർ പലരെയും വഴിതെറ്റിക്കും. 6നിങ്ങൾ യുദ്ധത്തിന്റെ ശബ്ദവും യുദ്ധത്തെക്കുറിച്ചുള്ള കിംവദന്തികളും കേൾക്കും; നിങ്ങൾ പരിഭ്രാന്തരാകരുത്; ഇവയെല്ലാം സംഭവിക്കേണ്ടതാകുന്നു; എങ്കിലും ഇത് അവസാനമല്ല. 7ജനത ജനതയോടും രാജ്യം രാജ്യത്തോടും എതിർക്കും. 8പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പവുമുണ്ടാകും; 9ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭമാണ്.
10“അപ്പോൾ അവർ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവർ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. 11പല വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെട്ട് അനേകമാളുകളെ വഴിതെറ്റിക്കും. 12അധർമം വർധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും. 13എന്നാൽ അന്ത്യംവരെ ഉറച്ചുനില്‌ക്കുന്നവർ രക്ഷപെടും. 14രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം സകല മനുഷ്യരാശിയുടെയും സാക്ഷ്യത്തിനായി ലോകമെങ്ങും ഘോഷിക്കപ്പെടും; അപ്പോഴായിരിക്കും അവസാനം.
സംഭ്രമജനകമായ ദുരിതങ്ങൾ
(മർക്കോ. 13:14-23; ലൂക്കോ. 21:20-24)
15“ദാനിയേൽപ്രവാചകൻ പ്രസ്താവിച്ച പ്രകാരമുള്ള വിനാശകരമായ മ്ലേച്ഛത വിശുദ്ധസ്ഥലത്തു കാണുമ്പോൾ അനുവാചകർ മനസ്സിലാക്കിക്കൊള്ളട്ടെ- 16അന്ന് യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകണം. 17മട്ടുപ്പാവിലിരിക്കുന്നവൻ തന്റെ സമ്പാദ്യങ്ങൾ എടുക്കുന്നതിനായി വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്. 18കൃഷിസ്ഥലത്തായിരിക്കുന്നവൻ തന്റെ വസ്ത്രം എടുക്കുന്നതിനായി തിരിച്ചുപോകുകയുമരുത്. 19ആ ദിവസങ്ങളിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം! 20ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക. 21ലോകാരംഭംമുതൽ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും. 22എന്നാൽ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും.
23“അപ്പോൾ ക്രിസ്തു ‘ഇതാ ഇവിടെ’ എന്നോ ‘അതാ അവിടെ’ എന്നോ ആരെങ്കിലും പറഞ്ഞാൽ അശേഷം വിശ്വസിക്കരുത്. 24കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും പ്രത്യക്ഷപ്പെടും; കഴിയുമെങ്കിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പോലും വഞ്ചിക്കുന്നതിനുവേണ്ടി അവർ വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും. 25നോക്കൂ! ഞാൻ ഇതു നിങ്ങളോടു മുൻകൂട്ടി പറഞ്ഞിരിക്കുന്നു. 26‘അവിടുന്ന് അതാ വിജനപ്രദേശത്ത്!’ എന്ന് ആളുകൾ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ പോകരുത്. ‘അതാ അവിടുന്ന് ആ രഹസ്യസങ്കേതത്തിൽ ഉണ്ട്’ എന്നു പറഞ്ഞാലും വിശ്വസിക്കരുത്. 27ആകാശമണ്ഡലത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ മിന്നുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്.
28“ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും.
മനുഷ്യപുത്രന്റെ വരവ്
(മർക്കോ. 13:24-27; ലൂക്കോ. 21:25-28)
29“ആ നാളുകളിലെ കഷ്ടത കഴിഞ്ഞാലുടൻ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്‌കുകയുമില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും. 30ബഹിരാകാശശക്തികൾ അവയുടെ സഞ്ചാരപഥത്തിൽനിന്നു മാറ്റപ്പെടും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേൽ വരുന്നത് അവർ കാണും. 31വലിയ കാഹളനാദത്തോടുകൂടി തന്റെ ദൂതന്മാരെ അവിടുന്ന് അയയ്‍ക്കും. തിരഞ്ഞെടുക്കപ്പെട്ട ജനത്തെ അവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കുകളിൽനിന്നും കൂട്ടിച്ചേർക്കും.
അത്തിവൃക്ഷത്തിന്റെ ദൃഷ്ടാന്തം
(മർക്കോ. 13:28-31; ലൂക്കോ. 21:29-33)
32“ഒരു അത്തിവൃക്ഷത്തെ ദൃഷ്ടാന്തമായി എടുക്കാം. അതിന്റെ ഇളംചില്ലകൾ പൊടിക്കുകയും അതു തളിർക്കുകയും ചെയ്യുമ്പോൾ വേനൽക്കാലം സമീപിച്ചു എന്നു നിങ്ങൾ മനസ്സിലാക്കുന്നു. 33അതുപോലെ ഇവയൊക്കെയും നിങ്ങൾ കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത് പടിക്കലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക. 34ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു: ഇവയൊക്കെ സംഭവിക്കുന്നതുവരെ ഈ തലമുറ കഴിഞ്ഞുപോകുകയില്ല; 35ആകാശവും ഭൂമിയും അന്തർധാനം ചെയ്യും; എന്നാൽ എന്റെ വാക്കുകൾ എന്നേക്കും നിലനില്‌ക്കും.
അറിയാത്ത നാഴിക
(മർക്കോ. 13:32-37; ലൂക്കോ. 17:26-30-34-36)
36 # 24:36 ‘പുത്രനു പോലുമോ’ ഈ വാക്കുകൾ ചില കൈയെഴുത്തു പ്രതികളിൽ കാണുന്നില്ല. “ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാർക്കും സ്വർഗത്തിലെ ദൂതന്മാർക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ. 37നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്. 38ജലപ്രളയത്തിനു മുമ്പു നോഹ പെട്ടകത്തിൽ പ്രവേശിച്ച ദിവസംവരെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും കഴിപ്പിക്കുകയും ചെയ്തുപോന്നു. 39ജലപ്രളയം വന്ന് എല്ലാവരെയും നിർമാർജനം ചെയ്യുന്നതുവരെ അവർ ഒന്നും അറിഞ്ഞില്ല; 40ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും. 41അപ്പോൾ രണ്ടുപേർ കൃഷിസ്ഥലത്തായിരിക്കും. ഒരുവനെ സ്വീകരിക്കുകയും അപരനെ തിരസ്കരിക്കുകയും ചെയ്യും; രണ്ടു സ്‍ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവളെ കൈക്കൊള്ളുകയും മറ്റവളെ കൈവെടിയുകയും ചെയ്യും.
42“അതുകൊണ്ട് നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്ന് അറിയാത്തതിനാൽ ജാഗരൂകരായിരിക്കുക. 43രാത്രിയിൽ കള്ളൻ വരുന്ന സമയം അറിഞ്ഞിരുന്നെങ്കിൽ വീടിന്റെ ഉടമസ്ഥൻ ഉണർന്നിരിക്കുകയും ഭവനഭേദനം നടത്താൻ അനുവദിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. 44അതുപോലെ അപ്രതീക്ഷിതമായ സമയത്ത് മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.
വിശ്വസ്തനായ ദാസൻ
(ലൂക്കോ. 12:41-48)
45“വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും വീട്ടിലുള്ളവർക്ക് യഥാവസരം ഭക്ഷണം കൊടുക്കുന്നതിനും യജമാനൻ നിയമിച്ച വിശ്വസ്തനും വിവേകിയുമായ ദാസൻ ആരാണ്? 46യജമാനൻ വരുമ്പോൾ അവൻ കൃത്യനിഷ്ഠയുള്ളവനായി കാണുന്നുവെങ്കിൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ. 47യജമാനൻ ആ ദാസനെ തന്റെ സർവസ്വത്തിന്റെയും കാര്യസ്ഥനായി നിയമിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. 48എന്നാൽ ആ ദാസൻ ദുഷ്ടനാണെങ്കിൽ യജമാനൻ വരാൻ വൈകും എന്നു വിചാരിച്ച് 49അവൻ സഹഭൃത്യന്മാരെ അടിക്കുകയും മദ്യപന്മാരോടുകൂടി തിന്നുകുടിച്ചു കൂത്താടുകയും ചെയ്യും. 50ആ ദാസൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ഉദ്ദേശിക്കാത്ത സമയത്തും യജമാനൻ മടങ്ങിയെത്തും. 51അവനെ യജമാനൻ ശിക്ഷിക്കുകയും ജോലിയിൽ നിന്നു പിരിച്ചുവിട്ട് വഞ്ചകന്മാരുടെ കൂട്ടത്തിലേക്കു തള്ളുകയും ചെയ്യും; അവിടെ അവൻ കരയുകയും പല്ലുകടിക്കുകയും ചെയ്യും.

Currently Selected:

MATHAIA 24: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy