YouVersion Logo
Search Icon

LUKA 24:1-35

LUKA 24:1-35 MALCLBSI

തങ്ങൾ ഒരുക്കിവച്ച സുഗന്ധദ്രവ്യങ്ങളുമായി ആ സ്‍ത്രീകൾ ഞായറാഴ്ച അതിരാവിലെ കല്ലറയുടെ അടുക്കലെത്തി. കല്ലറയുടെ വാതില്‌ക്കൽ വച്ചിരുന്ന കല്ല് ഉരുട്ടി നീക്കിയിരിക്കുന്നതായി അവർ കണ്ടു. അവർ അകത്തുകടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. അവർ അമ്പരന്നു നില്‌ക്കുമ്പോൾ മിന്നിത്തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ സമീപത്തു നില്‌ക്കുന്നതു കണ്ടു. ആ സ്‍ത്രീകൾ ഭയപരവശരായി മുഖം കുനിച്ചുനിന്നു. അപ്പോൾ ആ പുരുഷന്മാർ അവരോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ നിങ്ങൾ അന്വേഷിക്കുന്നതെന്തിന്? അവിടുന്ന് ഇവിടെയില്ല, ഉയിർത്തെഴുന്നേറ്റിരിക്കുന്നു. മനുഷ്യപുത്രൻ അധർമികളുടെ കൈയിൽ ഏല്പിക്കപ്പെടുമെന്നും അവർ അവിടുത്തെ ക്രൂശിക്കുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ഗലീലയിൽവച്ചു പറഞ്ഞത് നിങ്ങൾ ഓർമിക്കുന്നില്ലേ?” അപ്പോൾ അവിടുത്തെ വാക്കുകൾ അവർ അനുസ്മരിച്ചു. അവർ അവിടെനിന്നു തിരിച്ചുചെന്ന് പതിനൊന്നു ശിഷ്യന്മാരെയും മറ്റുള്ളവരെയും ഈ വിവരം അറിയിച്ചു. മഗ്ദലേനമറിയവും യോഹന്നയും യാക്കോബിന്റെ അമ്മ മറിയവും അവരുടെകൂടെ ഉണ്ടായിരുന്ന ഇതര സ്‍ത്രീകളുമാണ് അപ്പോസ്തോലന്മാരോട് ഈ വിവരങ്ങൾ പറഞ്ഞത്. പക്ഷേ, അവരുടെ വാക്കുകൾ വെറും കെട്ടുകഥയാണന്നേ അവർക്കു തോന്നിയുള്ളൂ. അത് അവർ ഒട്ടും വിശ്വസിച്ചതുമില്ല. പത്രോസ് കല്ലറയുടെ അടുക്കൽ ഓടിച്ചെന്നു കുനിഞ്ഞുനോക്കി; അതിൽ മൃതദേഹം പൊതിഞ്ഞിരുന്ന തുണിയല്ലാതെ മറ്റൊന്നും കണ്ടില്ല. എന്താണു സംഭവിച്ചതെന്നോർത്ത് ആശ്ചര്യഭരിതനായി അദ്ദേഹം തിരിച്ചുപോയി. അന്നുതന്നെ യേശുവിന്റെ അനുയായികളിൽ രണ്ടുപേർ യെരൂശലേമിൽനിന്ന് ഏകദേശം പതിനൊന്നു കിലോമീറ്റർ ദൂരമുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ട് അവർ നടന്നുപോകുമ്പോൾ യേശു അടുത്തുചെന്ന് അവരുടെകൂടെ നടന്നു. പക്ഷേ, അവിടുത്തെ തിരിച്ചറിയാൻ കഴിയാതവണ്ണം അവരുടെ ദർശനശക്തി നിരോധിക്കപ്പെട്ടിരുന്നു. യേശു അവരോടു ചോദിച്ചു: “നിങ്ങൾ നടക്കുന്നതിനിടയിൽ പരസ്പരം പറയുന്ന കാര്യങ്ങൾ എന്താണ്?” അവർ വിഷാദത്തിൽ മുഴുകി നിശ്ചലരായി നിന്നു. അവരിൽ ക്ലെയോപ്പാവ് എന്നയാൾ അവിടുത്തോടു ചോദിച്ചു: “ഇക്കഴിഞ്ഞ ദിവസങ്ങളിൽ യെരൂശലേമിൽ നടന്ന സംഭവങ്ങളെക്കുറിച്ച് അവിടെ നിവസിക്കുന്നവരിൽ താങ്കൾക്കുമാത്രം അറിവില്ലെന്നോ?” “എന്തു സംഭവങ്ങൾ?” യേശു വീണ്ടും ചോദിച്ചു. അവർ ഉത്തരം നല്‌കി: “നസറായനായ യേശുവിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ തന്നെ. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവൃത്തിയിലും അസാമാന്യമായ ശക്തിയുള്ള പ്രവാചകനായിരുന്നു യേശു. നമ്മുടെ പുരോഹിതമുഖ്യന്മാരും ജനപ്രമാണിമാരും അവിടുത്തെ വധശിക്ഷയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയും കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു. ഇസ്രായേൽജനതയെ വീണ്ടെടുക്കുവാനുള്ളവൻ അദ്ദേഹം ആണെന്നത്രേ ഞങ്ങൾ പ്രത്യാശിച്ചിരുന്നത്. മാത്രമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം ദിവസമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്‍ത്രീകൾ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തു പോയിരുന്നു. അവിടുത്തെ ശരീരം അവർ അവിടെ കണ്ടില്ല. യേശു ജീവിച്ചിരിക്കുന്നു എന്ന് ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടു തങ്ങളെ അറിയിച്ചതായി ആ സ്‍ത്രീകൾ പറഞ്ഞു. ഇതുകേട്ടപ്പോൾ ഞങ്ങൾ അമ്പരന്നുപോയി. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ചിലർ കല്ലറയുടെ അടുക്കൽ പോയി നോക്കി. ആ സ്‍ത്രീകൾ പറഞ്ഞതുപോലെ യേശുവിനെ അവരും കണ്ടില്ല.” അവിടുന്ന് അവരോടു പറഞ്ഞു: “ഹാ, നിങ്ങൾ ഇത്ര ബുദ്ധിശൂന്യരോ! പ്രവാചകന്മാർ പറഞ്ഞിട്ടുള്ളതെല്ലാം വിശ്വസിക്കുവാൻ കഴിയാതെവണ്ണം നിങ്ങൾ മന്ദബുദ്ധികളായിപ്പോയല്ലോ. ക്രിസ്തു ഇതെല്ലാം സഹിച്ചിട്ട് തന്റെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടതല്ലേ?” പിന്നീടു മോശയും സകല പ്രവാചകന്മാരും എഴുതിയിട്ടുള്ള രേഖകൾ ആരംഭംമുതൽ വ്യാഖാനിച്ച് തന്നെപ്പറ്റിയുള്ള വേദലിഖിതങ്ങൾ അവിടുന്ന് അവരെ ബോധ്യപ്പെടുത്തി. അവർക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടു സമീപിച്ചപ്പോൾ അവിടുന്നു മുമ്പോട്ടുപോകുവാൻ ഭാവിച്ചു. അപ്പോൾ അവർ നിർബന്ധപൂർവം പറഞ്ഞു: “ഇന്നു ഞങ്ങളുടെകൂടെ പാർക്കുക; പകൽ കഴിയാറായിരിക്കുന്നു. നേരം എരിഞ്ഞടങ്ങുവാൻ പോകുകയാണല്ലോ. അങ്ങനെ അവിടുന്ന് അവരോടുകൂടി രാപാർക്കുവാൻ ചെന്നു. അത്താഴം കഴിക്കാനിരുന്നപ്പോൾ യേശു അപ്പം എടുത്ത് ആശീർവദിച്ചു നുറുക്കി അവർക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണുകൾ തുറന്നു. അവർ യേശുവിനെ തിരിച്ചറിഞ്ഞു. ഉടൻതന്നെ അവിടുന്ന് അപ്രത്യക്ഷനാകുകയും ചെയ്തു. “വഴിയിൽവച്ച് അവിടുന്ന് സംസാരിക്കുകയും വേദഭാഗങ്ങൾ നമുക്കു വ്യക്തമാക്കിത്തരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ഉള്ളിൽ കത്തി ജ്വലിക്കുകയായിരുന്നില്ലേ?” എന്നിങ്ങനെ അവർ പരസ്പരം പറഞ്ഞു. അപ്പോൾത്തന്നെ അവർ എഴുന്നേറ്റ് യെരൂശലേമിലേക്കു തിരിച്ചു. അവിടെ ചെന്ന് പതിനൊന്നു ശിഷ്യന്മാരെയും അവരോടൊത്ത് അവിടെ കൂടിയിരുന്ന മറ്റുള്ളവരെയും കണ്ടു. “കർത്താവു നിശ്ചയമായും ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അവിടുന്നു ശിമോനു പ്രത്യക്ഷനാകുകയും ചെയ്തു” എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വഴിയിൽവച്ചു നടന്ന സംഭവവും അപ്പം നുറുക്കിയപ്പോൾ യേശുവിനെ തിരിച്ചറിയാനിടയായതുമെല്ലാം എമ്മവൂസിൽനിന്നു മടങ്ങിച്ചെന്നവർ അവരെ അറിയിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy