YouVersion Logo
Search Icon

LUKA 1:57-80

LUKA 1:57-80 MALCLBSI

എലിസബെത്ത് യഥാകാലം ഒരു പുത്രനെ പ്രസവിച്ചു. കർത്താവു കാണിച്ച കാരുണ്യാതിരേകത്തെപ്പറ്റി കേട്ട് അവരുടെ അയൽക്കാരും ബന്ധുജനങ്ങളും അവരോടൊപ്പം സന്തോഷിച്ചു. എട്ടാം ദിവസം ശിശുവിന്റെ പരിച്ഛേദനകർമത്തിനായി എല്ലാവരും വന്നുകൂടി. ആ കുട്ടിക്ക് പിതാവിന്റെ പേരനുസരിച്ച് സഖറിയാ എന്നു നാമകരണം ചെയ്യാൻ അവർ ഭാവിച്ചു. എന്നാൽ അവന്റെ അമ്മ പറഞ്ഞു: “അങ്ങനെയല്ല, അവന്റെ പേരു യോഹന്നാൻ എന്നായിരിക്കണം.” അപ്പോൾ വന്നുകൂടിയവർ: “നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേരില്ലല്ലോ” എന്നു പറഞ്ഞു. പിന്നീട് കുട്ടിക്ക് എന്താണു പേരിടേണ്ടത് എന്ന് അവന്റെ പിതാവിനോട് ആംഗ്യംകാട്ടി ചോദിച്ചു. അപ്പോൾ അദ്ദേഹം ഒരു എഴുത്തുപലക കൊണ്ടുവരാനാവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ എന്നാണ്” എന്ന് അദ്ദേഹം അതിലെഴുതി. അപ്പോൾ എല്ലാവർക്കും അത്യധികം ആശ്ചര്യമുണ്ടായി. തൽക്ഷണം സഖറിയായുടെ അധരങ്ങൾ തുറന്നു; നാവിന്റെ ബന്ധനം നീങ്ങുകയും ചെയ്തു. അദ്ദേഹം ദൈവത്തെ സ്തുതിച്ചുകൊണ്ടു സംസാരിക്കുവാൻ തുടങ്ങി. അയൽവാസികളെല്ലാവരും സംഭീതരായി. യെഹൂദ്യയിലെ മലനാട്ടിലെങ്ങും ഈ വാർത്ത പ്രസിദ്ധമായി. കേട്ടവരെല്ലാം ഈ കുട്ടി ആരായിത്തീരുമെന്നു ചിന്തിക്കുകയും പറയുകയും ചെയ്തു. കാരണം സർവേശ്വരന്റെ ശക്തിപ്രഭാവം ആ ശിശുവിൽ പ്രത്യക്ഷമായിരുന്നു. യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു: “ഇസ്രായേലിന്റെ ദൈവമായ കർത്താവു വാഴ്ത്തപ്പെട്ടവൻ: അവിടുന്നു തന്റെ ജനത്തെ സന്ദർശിക്കുകയും അവരെ സ്വതന്ത്രരാക്കുകയും ചെയ്തിരിക്കുന്നു. ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അവിടുന്ന് അരുൾചെയ്തപ്രകാരം നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ ദ്വേഷിക്കുന്ന എല്ലാവരുടെയും കൈകളിൽനിന്നും നമ്മെ രക്ഷിക്കുവാൻ തന്റെ ദാസനായ ദാവീദിന്റെ വംശത്തിൽ നിന്നു ശക്തനായ ഒരു രക്ഷകനെ അവിടുന്നു നമുക്കു നല്‌കിയിരിക്കുന്നു. നമ്മുടെ പൂർവപിതാക്കന്മാരോടു ചെയ്ത വാഗ്ദാനമനുസരിച്ച് അവിടുന്നു തന്റെ ദാസരായ ഇസ്രായേൽജനതയെ കാരുണ്യപൂർവം ഓർത്ത് അവരെ സഹായിച്ചിരിക്കുന്നു. അബ്രഹാമിനോടും തന്റെ സന്താന പരമ്പരകളോടും കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ആയുഷ്കാലം മുഴുവനും നീതിയോടും വിശുദ്ധിയോടുംകൂടി നിർഭയം തിരുമുമ്പിൽ ആരാധിക്കുന്നതിനു വേണ്ടി ശത്രുക്കളുടെ കരങ്ങളിൽനിന്നു നമ്മെ രക്ഷിക്കുവാൻ കൃപയരുളുമെന്ന് നമ്മുടെ പിതാവായ അബ്രഹാമിനോട് ദൈവം ചെയ്ത പ്രതിജ്ഞയെയും വിശുദ്ധഉടമ്പടിയെയും അനുസ്മരിച്ചു കൊണ്ട് അവിടുന്നു തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. കുഞ്ഞേ, നീ മഹോന്നതനായ ദൈവത്തിന്റെ പ്രവാചകനെന്നു വിളിക്കപ്പെടും; എന്തുകൊണ്ടെന്നാൽ കർത്താവിനു വഴിയൊരുക്കുന്നതിനും, കരുണാർദ്രനായ നമ്മുടെ ദൈവത്തിൽ നിന്നു ലഭിക്കുന്ന പാപവിമോചനംകൊണ്ടു കൈവരുന്ന രക്ഷയെക്കുറിച്ചുള്ള അറിവ് അവിടുത്തെ ജനത്തിനു നല്‌കുന്നതിനുമായി, നീ അവിടുത്തെ മുന്നോടിയായി പോകും. കൂരിരുട്ടിലും മരണത്തിന്റെ കരിനിഴലിലും ഇരിക്കുന്നവർക്കു പ്രകാശം പകരുന്നതിനും സമാധാനത്തിന്റെ മാർഗത്തിൽ നമ്മുടെ പാദങ്ങൾ നയിക്കുന്നതിനും ഉന്നതത്തിൽനിന്ന് ഉഷസ്സ് നമ്മുടെമേൽ ഉദയംചെയ്യും.” ശിശു വളർന്നു; ആത്മീയ ചൈതന്യവും പുഷ്‍ടിയും പ്രാപിച്ച് ഇസ്രായേൽജനങ്ങളുടെ മുമ്പിൽ സ്വയം പ്രത്യക്ഷനാകുന്നതുവരെ വിജനപ്രദേശത്തു വസിച്ചു.

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy