YouVersion Logo
Search Icon

LEVITICUS 7

7
പ്രായശ്ചിത്തയാഗം
1അതിവിശുദ്ധമായ പ്രായശ്ചിത്തയാഗത്തിനുള്ള നിയമം ഇതാണ്. 2ഹോമയാഗമൃഗത്തെ അർപ്പിച്ച സ്ഥലത്തുവച്ചുതന്നെ പ്രായശ്ചിത്തയാഗത്തിനുള്ള മൃഗത്തെയും അർപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിക്കണം. 3അതിന്റെ മേദസ്സു മുഴുവൻ ദഹിപ്പിക്കണം; വാലിന്റെ തടിച്ച ഭാഗവും 4കുടലിന്റെയും വൃക്കകളുടെയും ഇടുപ്പിലെയും മേദസ്സും കരളിന്റെ നെയ്‍വലയും ദഹിപ്പിക്കണം. 5അവ സർവേശ്വരനു ദഹനയാഗമായി പുരോഹിതൻ യാഗപീഠത്തിൽ ദഹിപ്പിക്കണം. 6ഇതാണു പ്രായശ്ചിത്തയാഗം. പുരോഹിതവംശത്തിൽപ്പെട്ട ഏതു പുരുഷനും വിശുദ്ധസ്ഥലത്തുവച്ച് അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. 7പ്രായശ്ചിത്തയാഗത്തിന്റെയും പാപപരിഹാരയാഗത്തിന്റെയും നിയമം ഒന്നു തന്നെ. യാഗമൃഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. 8ആർക്കെങ്കിലും വേണ്ടി അർപ്പിക്കുന്ന ഹോമയാഗമൃഗത്തിന്റെ തോൽ, അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. 9അടുപ്പിലോ പാത്രത്തിലോ കല്ലിലോ ചുട്ടെടുത്ത എല്ലാ ധാന്യയാഗവസ്തുക്കളും അവ അർപ്പിക്കുന്ന പുരോഹിതനു ഭക്ഷിക്കാം. 10എണ്ണ ചേർത്തതോ അല്ലാത്തതോ ആയ ധാന്യയാഗവസ്തുക്കളും അഹരോന്യപുരോഹിതവംശത്തിൽപ്പെട്ട എല്ലാവർക്കും അവകാശപ്പെട്ടതാണ്.
സമാധാനയാഗങ്ങൾ
11സർവേശ്വരന് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ നിയമം ഇതാണ്: 12സ്തോത്രവഴിപാട് അർപ്പിക്കുന്നവർ എണ്ണ ചേർത്തുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും എണ്ണ പുരട്ടി ചുട്ടെടുത്ത പുളിപ്പില്ലാത്ത അടയും എണ്ണ ചേർത്തു കുഴച്ച നേരിയ മാവുകൊണ്ടുള്ള അപ്പവും അർപ്പിക്കണം. 13സ്തോത്രാർപ്പണമായി സമാധാനയാഗം അർപ്പിക്കുമ്പോൾ പുളിച്ച മാവുകൊണ്ടുണ്ടാക്കിയ അപ്പവും അർപ്പിക്കണം. 14ഓരോ വഴിപാടിൽനിന്ന് ഓരോ അപ്പം സർവേശ്വരനു സമർപ്പിക്കണം. അതു സമാധാനയാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്റെ അവകാശമാണ്. 15സമാധാനയാഗത്തിനർപ്പിച്ച മൃഗത്തിന്റെ മാംസം അന്നുതന്നെ ഭക്ഷിക്കണം. അല്പംപോലും അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. 16എന്നാൽ നേർച്ചയോ, സ്വമേധാദാനമോ ആയി അർപ്പിക്കുന്ന വഴിപാട് അന്നുതന്നെ മുഴുവൻ ഭക്ഷിക്കണമെന്നില്ല. ശേഷിക്കുന്നത് അടുത്ത ദിവസം ഭക്ഷിക്കാം. 17മൂന്നാം ദിവസം ശേഷിക്കുന്ന യാഗമാംസം ചുട്ടുകളയണം. 18സമാധാനയാഗത്തിന്റെ മാംസം മൂന്നാം ദിവസം ഭക്ഷിച്ചാൽ യാഗം അംഗീകരിക്കപ്പെടുകയില്ല; അതു നിഷ്ഫലമാകും. അതു മലിനമാണ്; തിന്നുന്നവൻ കുറ്റവാളിയായിരിക്കും. 19മലിനവസ്തു സ്പർശിച്ച മാംസം ഭക്ഷിക്കരുത്; അതു ദഹിപ്പിച്ചുകളയണം. 20ശുദ്ധിയുള്ളവർക്കു യാഗമാംസം ഭക്ഷിക്കാം. സർവേശ്വരനുള്ള സമാധാനയാഗമൃഗത്തിന്റെ മാംസം അശുദ്ധനായിരിക്കെ ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. 21ശുദ്ധിയില്ലാത്ത മനുഷ്യനെയോ മൃഗത്തെയോ എന്തെങ്കിലും മലിനവസ്തുവിനെയോ സ്പർശിച്ചശേഷം സമാധാനയാഗത്തിനർപ്പിച്ച മൃഗത്തിന്റെ മാംസം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
22ദൈവം മോശയോട് അരുളിച്ചെയ്തു: 23ഇസ്രായേൽജനത്തോടു പറയുക: കാളയുടെയോ, ചെമ്മരിയാടിന്റെയോ, കോലാടിന്റെയോ കൊഴുപ്പു ഭക്ഷിക്കരുത്. 24ചത്തുപോയതോ, മൃഗങ്ങൾ കടിച്ചു കീറിയതോ ആയ മൃഗത്തിന്റെ മേദസ്സും ഒരിക്കലും ഭക്ഷിക്കരുത്. മറ്റു കാര്യങ്ങൾക്ക് അത് ഉപയോഗിക്കാം. 25സർവേശ്വരനു ഹോമയാഗമായി അർപ്പിച്ച മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം. 26നിങ്ങൾ എവിടെ വസിച്ചാലും, പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം ഭക്ഷിക്കരുത്. 27രക്തം ഭക്ഷിക്കുന്നവനെ സമൂഹഭ്രഷ്ടനാക്കണം.
28സർവേശ്വരൻ മോശയോടരുളിച്ചെയ്തു: 29ഇസ്രായേൽജനത്തോടു പറയുക, സമാധാനയാഗത്തിനു കൊണ്ടുവരുന്ന വഴിപാടിൽ ഒരംശം സർവേശ്വരനുള്ള സവിശേഷ കാഴ്ചയായിരിക്കട്ടെ. 30അർപ്പിക്കുന്നവൻ അതു കൈകളിൽ വഹിച്ചു കൊണ്ടുവരണം. യാഗമൃഗത്തിന്റെ നെഞ്ചും അതിന്മേലുള്ള മേദസ്സും അങ്ങനെ കൊണ്ടുവരണം. നെഞ്ച് സർവേശ്വരന്റെ സന്നിധിയിൽ നീരാജനം ചെയ്യണം. 31മേദസ്സു യാഗപീഠത്തിൽവച്ചു പുരോഹിതൻ ദഹിപ്പിക്കണം. നെഞ്ച് അഹരോന്യപുരോഹിതന്മാർക്കുള്ളതായിരിക്കും. 32സമാധാനയാഗത്തിലെ മൃഗത്തിന്റെ വലതു തുട, 33രക്തവും മേദസ്സും അർപ്പിക്കുന്ന അഹരോന്യപുരോഹിതനു പ്രത്യേക അവകാശമായി നല്‌കണം. 34ഇസ്രായേൽജനത അർപ്പിക്കുന്ന സമാധാനയാഗത്തിൽ നീരാജനം ചെയ്യപ്പെട്ട നെഞ്ചും അർപ്പിക്കപ്പെട്ട തുടയും ഇസ്രായേൽജനങ്ങളിൽനിന്ന് എടുത്ത് അഹരോന്യപുരോഹിതന്മാർക്കു ശാശ്വതാവകാശമായി ഞാൻ നല്‌കിയിരിക്കുന്നു.
35അഹരോന്റെ പുത്രന്മാർ സർവേശ്വരനു പുരോഹിതശുശ്രൂഷ ചെയ്യാൻ അഭിഷിക്തരാകുന്ന ദിവസംമുതൽ സർവേശ്വരനുള്ള ഹോമയാഗത്തിൽനിന്ന് അവർക്കു ലഭിക്കേണ്ട ഓഹരിയാണിത്. 36അഭിഷേകദിവസംമുതൽ ഈ ഓഹരി പുരോഹിതന്മാർക്കു കൊടുക്കണമെന്ന് അവിടുന്ന് ഇസ്രായേൽജനത്തോടു കല്പിച്ചിട്ടുണ്ട്. ഇതു തലമുറകളായി പാലിക്കേണ്ട നിയമമാകുന്നു. 37ഹോമയാഗം, ധാന്യയാഗം, പാപപരിഹാരയാഗം, പ്രായശ്ചിത്തയാഗം, പൗരോഹിത്യാഭിഷേകത്തിനുള്ള യാഗം, സമാധാനയാഗം എന്നിവയുടെ നിയമം ഇതാണ്. 38ഇസ്രായേൽജനം തനിക്കു വഴിപാട് അർപ്പിക്കണമെന്നു മരുഭൂമിയിൽ സീനായ്മലയിൽവച്ച് സർവേശ്വരൻ കല്പന നല്‌കിയ ദിവസം അവിടുന്നു മോശയോട് ഇങ്ങനെ കല്പിച്ചു.

Currently Selected:

LEVITICUS 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy