YouVersion Logo
Search Icon

LEVITICUS 6

6
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2സൂക്ഷിക്കാൻ ഏല്പിച്ചതോ പണയം വച്ചതോ ആയ മുതൽ തിരിച്ചു നല്‌കാതിരിക്കുക, കവർച്ച നടത്തി ദ്രോഹിക്കുക, പീഡിപ്പിക്കുക, 3കാണാതെപോയ വസ്തു കിട്ടിയിട്ടും മിണ്ടാതെ കള്ളസ്സത്യം ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാൽ അയൽക്കാരനെതിരെ കുറ്റം ചെയ്തു സർവേശ്വരനോട് അവിശ്വസ്തത കാണിക്കുന്നവൻ കുറ്റക്കാരനാണ്. 4ഇങ്ങനെയുള്ളവൻ പ്രായശ്ചിത്തയാഗം ചെയ്യുന്ന അവസരത്തിൽ, കവർന്നോ ദ്രോഹിച്ചോ പണയമായോ വീണുകിട്ടിയോ അപഹരിച്ചോ കള്ളസ്സത്യം ചെയ്തോ 5സ്വന്തമാക്കിയ വസ്തുവിന്റെ വില അതിന്റെ അഞ്ചിലൊന്നു ചേർത്ത് ഉടമസ്ഥനു തിരിച്ചുകൊടുക്കണം. 6അവൻ പ്രായശ്ചിത്തയാഗത്തിനു നിശ്ചിതവില വരുന്ന ഊനമറ്റ ഒരു ആണാടിനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 7പുരോഹിതൻ അവനുവേണ്ടി സർവേശ്വരസന്നിധിയിൽ പ്രായശ്ചിത്തം ചെയ്യുമ്പോൾ അവന്റെ പാപം ക്ഷമിക്കപ്പെടും.
ഹോമയാഗം
8സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 9അഹരോനോടും പുത്രന്മാരോടും പറയുക. ഹോമയാഗത്തെ സംബന്ധിച്ച ചട്ടം ഇതാകുന്നു. ഹോമയാഗവസ്തു യാഗപീഠത്തിന്മേലുള്ള തീക്കുണ്ഡത്തിൽ രാത്രി മുഴുവനും പ്രഭാതംവരെയും വയ്‍ക്കണം. യാഗപീഠത്തിൽ തീ കത്തിക്കൊണ്ടേയിരിക്കണം. 10പുരോഹിതൻ ലിനൻകൊണ്ടുള്ള കാൽച്ചട്ടയും ഉടുപ്പും ധരിച്ചിരിക്കണം; യാഗവസ്തു ദഹിച്ചുണ്ടായ ചാരം അയാൾ യാഗപീഠത്തിന്റെ ഒരു വശത്ത് ഇടണം. 11അതിനുശേഷം ഈ വസ്ത്രം മാറി സാധാരണ വസ്ത്രം ധരിച്ചു ചാരം പാളയത്തിനു പുറത്തു കൊണ്ടുപോയി വെടിപ്പുള്ള സ്ഥലത്ത് ഇടണം. 12യാഗപീഠത്തിലെ അഗ്നി എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണയരുത്. പുരോഹിതൻ ദിനംതോറും പ്രഭാതത്തിൽ അതിൽ വിറക് അടുക്കണം. ഹോമയാഗദ്രവ്യം അതിനു മീതെ നിരത്തുകയും അതിനു മുകളിൽ സമാധാനയാഗത്തിനുള്ള മേദസ്സ് ദഹിപ്പിക്കുകയും വേണം. 13യാഗപീഠത്തിലുള്ള അഗ്നി എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കണം. അത് അണയാൻ ഇടയാകരുത്.
ധാന്യയാഗം
14ധാന്യയാഗം സംബന്ധിച്ച നിയമം ഇതാണ്: 15അഹരോന്റെ പുത്രന്മാർ യാഗപീഠത്തിനു മുമ്പിൽ സർവേശ്വരസന്നിധിയിൽ അത് അർപ്പിക്കണം. ധാന്യയാഗത്തിനു സമർപ്പിച്ച നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈ നിറച്ചും കുന്തുരുക്കം മുഴുവനും സ്മരണാംശമായി യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കണം. അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും. 16ശേഷമുള്ളത് പുളിപ്പിക്കാതെ തിരുസാന്നിധ്യകൂടാരത്തിൽ വച്ചുതന്നെ അഹരോന്യപുരോഹിതന്മാർ ഭക്ഷിക്കണം. 17പുളിമാവു ചേർത്ത് അതു ചുടരുത്. എനിക്ക് അർപ്പിച്ച ഹോമയാഗത്തിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു. അതു പാപപരിഹാരയാഗംപോലെയും പ്രായശ്ചിത്തയാഗംപോലെയും അതിവിശുദ്ധമാണ്. 18അഹരോന്യവംശത്തിലെ പുരുഷന്മാർക്കെല്ലാം സർവേശ്വരന്റെ ഹോമയാഗത്തിൽനിന്നു ഭക്ഷിക്കാം. തലമുറയായി നിലനില്‌ക്കേണ്ട ശാശ്വതാവകാശമാണിത്. മറ്റുള്ളവർക്കു സ്പർശിക്കാൻ പാടില്ലാത്തവിധം അതു വിശുദ്ധമാണ്.
19സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 20അഹരോന്യപുരോഹിതന്മാർ അഭിഷേകദിവസം സർവേശ്വരന് അർപ്പിക്കേണ്ട വഴിപാട് ഇതാകുന്നു. ഒരു ഇടങ്ങഴി നേരിയ മാവു പകുതി വീതം രാവിലെയും വൈകിട്ടും സാധാരണ ധാന്യയാഗംപോലെ അർപ്പിക്കണം. 21എണ്ണ ചേർത്തു കുഴച്ച് ചട്ടിയിൽ ചുട്ടെടുത്ത അതു കഷണങ്ങളാക്കി ധാന്യയാഗംപോലെ സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി അർപ്പിക്കണം. 22അഹരോന്റെ സ്ഥാനത്ത് അഭിഷേകം ചെയ്യപ്പെടുന്ന അവന്റെ പിൻഗാമികളെല്ലാം ഈ യാഗം അർപ്പിക്കണമെന്നതു ശാശ്വതനിയമമാണ്. അതു മുഴുവൻ ദഹിപ്പിക്കണം. 23പുരോഹിതൻ അർപ്പിക്കുന്ന ധാന്യയാഗം മുഴുവനും ദഹിപ്പിക്കണം. അത് അല്പംപോലും ഭക്ഷിക്കരുത്.
പാപപരിഹാരയാഗം
24സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 25പാപപരിഹാരയാഗത്തിനുള്ള നിയമം ഇതാണെന്ന് അഹരോന്യപുരോഹിതന്മാരോടു പറയുക. സർവേശ്വരന്റെ സന്നിധിയിൽ ഹോമയാഗത്തിനുള്ള മൃഗത്തെ അർപ്പിച്ച സ്ഥലത്തു വച്ചുതന്നെ പാപപരിഹാരയാഗത്തിനുള്ള മൃഗത്തെയും അർപ്പിക്കണം. അതിവിശുദ്ധമായ യാഗമാണ് ഇത്. 26യാഗം അർപ്പിക്കുന്ന പുരോഹിതൻ തിരുസാന്നിധ്യകൂടാരത്തിന്റെ മുറ്റത്ത് വിശുദ്ധസ്ഥലത്തുവച്ചു തന്നെ അതു ഭക്ഷിക്കണം. 27മറ്റുള്ളവർക്ക് സ്പർശിക്കാൻ പാടില്ലാത്തവിധം ഈ മാംസം വിശുദ്ധമാണ്. അതിന്റെ രക്തം വസ്ത്രത്തിൽ തെറിച്ചു വീണാൽ അതു വിശുദ്ധസ്ഥലത്തു വച്ചുതന്നെ കഴുകണം. 28മാംസം പാകം ചെയ്തത് മൺപാത്രത്തിലാണെങ്കിൽ അത് ഉടച്ചുകളയണം. ഓട്ടുപാത്രത്തിലാണെങ്കിൽ അതു നന്നായി തേച്ചുരച്ചു കഴുകണം. 29പുരോഹിതവംശത്തിലെ പുരുഷന്മാർക്കെല്ലാം അതു ഭക്ഷിക്കാം. അത് അതിവിശുദ്ധമാണ്. 30പാപപരിഹാരത്തിനുള്ള മൃഗത്തിന്റെ രക്തം തിരുസാന്നിധ്യകൂടാരത്തിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അതിന്റെ മാംസം തിന്നരുത്. അതു മുഴുവൻ ദഹിപ്പിക്കണം.

Currently Selected:

LEVITICUS 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy