ലേവ്യാപുസ്തകം 11
MALCL-BSI
11
ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾ
1സർവേശ്വരന്‍ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ഭൂമിയിലുള്ള മൃഗങ്ങളിൽ നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണെന്നു ജനത്തോടു പറയുക. 3ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ മൃഗങ്ങളെ നിങ്ങൾക്കു ഭക്ഷിക്കാം. 4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും നിങ്ങൾ ഭക്ഷിക്കരുതാത്തവയുമുണ്ട്. അയവിറക്കുന്നതെങ്കിലും കുളമ്പു പിളർന്നിട്ടില്ലാത്ത ഒട്ടകത്തെ ഭക്ഷിക്കരുത്. അതു നിങ്ങൾക്ക് അശുദ്ധമാകുന്നു. 5,6അയവിറക്കുന്നവയെങ്കിലും കുളമ്പു പിളർന്നവയല്ലാത്തതുകൊണ്ട് കുഴിമുയലും മുയലും ഭക്ഷ്യയോഗ്യമല്ല. അവ അശുദ്ധമാകുന്നു. 7,8ഇരട്ടക്കുളമ്പുള്ളതെങ്കിലും അയവിറക്കാത്തതുകൊണ്ടു പന്നിയെ ഭക്ഷിക്കരുത്. അതിന്‍റെ പിണം തൊടുകപോലുമരുത്. അത് അശുദ്ധമാകുന്നു.
9ജലജന്തുക്കളിൽ നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്. കടലിലും നദികളിലും ജീവിക്കുന്നവയിൽ ചിറകും ചെതുമ്പലും ഉള്ളവയെ നിങ്ങൾക്കു ഭക്ഷിക്കാം. 10എന്നാൽ കടലിലും നദിയിലും ഉള്ളവയിൽ ചിറകും ചെതുമ്പലുമില്ലാത്ത ഒന്നിനെയും ഭക്ഷിക്കരുത്. അവ നിങ്ങൾക്കു മലിനമായിരിക്കും. 11അവ നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. അവയുടെ പിണം സ്പർശിക്കപോലുമരുത്. 12വെള്ളത്തിൽ ചരിക്കുന്നവയിൽ ചിറകും ചെതുമ്പലുമില്ലാത്തവ എല്ലാം നിങ്ങൾക്കു മലിനമായിരിക്കും. 13പക്ഷികളിൽ കഴുകന്‍, ചെമ്പരുന്ത്, 14കടൽറാഞ്ചി, പരുന്ത്, പ്രാപ്പിടിയന്‍ മുതലായവ, 15പരുന്തുവർഗം, കാക്കയുടെ ഇനത്തിൽപ്പെട്ട പക്ഷികൾ, 16ഒട്ടകപ്പക്ഷി, കടൽക്കാക്ക, മൂങ്ങയുടെ വർഗത്തിലുള്ള പക്ഷികൾ, 17നത്ത്, നീർക്കാക്ക, പെരുംനത്ത്, 18നീർക്കോഴി, വേഴാമ്പൽ, ഗൃദ്ധ്രം, കൊക്ക്, 19പൊന്മാന്‍, നരിച്ചീർ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അവയെ മലിനമായി കരുതണം. 20ചിറകുള്ള കീടങ്ങളിൽ നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്കു നിന്ദ്യമായിരിക്കണം. 21എന്നാൽ ചിറകും നാലു കാലുകളും ഉള്ളവയിൽ നിലത്തു ചാടി നടക്കത്തക്കവിധം നീണ്ട കണങ്കാലുള്ള ജീവികളെ നിങ്ങൾക്കു ഭക്ഷിക്കാം. 22വെട്ടുക്കിളി, വിട്ടിൽ, തുള്ളന്‍ എന്നിവയുടെ വർഗത്തിൽപ്പെട്ടവയെയും നിങ്ങൾക്കു ഭക്ഷിക്കാം. 23ചിറകുള്ള കീടങ്ങളിൽ നാലു കാലിൽ നടക്കുന്നവയെല്ലാം നിങ്ങൾക്കു വർജ്യമായിരിക്കണം.
24ഇവയിൽ ഏതിന്‍റെയെങ്കിലും ജഡം സ്പർശിക്കാന്‍ ഇടയായാൽ സൂര്യാസ്തമയംവരെ നിങ്ങൾ അശുദ്ധരായിരിക്കും. 25അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനായിരിക്കും. 26കുളമ്പു പിളർന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാത്തവയും അയവിറക്കാത്തവയുമായ മൃഗങ്ങൾ നിങ്ങൾക്ക് അശുദ്ധമാണ്; അവയുടെ ജഡം തൊടുന്നതും അശുദ്ധമായിരിക്കും. 27നാല്‌ക്കാലിമൃഗങ്ങളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്ന നഖമുള്ള മൃഗങ്ങളും നിങ്ങൾക്ക് അശുദ്ധമായിരിക്കും. 28അവയുടെ ജഡം സ്പർശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവയുടെ ജഡം ചുമക്കുന്നവന്‍ വസ്ത്രം അലക്കണം. സൂര്യാസ്തമയംവരെ അവന്‍ അശുദ്ധനാണ്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.
29,30ഇഴജീവികളിൽ കീരി, എലി, പല്ലി, ഉടുമ്പ്, അരണ, ഓന്ത്, മണ്ണെലി എന്നിവ നിങ്ങൾക്ക് അശുദ്ധമാകുന്നു. 31അവയുടെ പിണം സ്പർശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. 32മരം, തുണി, തോൽ, ചാക്ക് ഇവയിൽ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ വസ്തുക്കളിൽ പിണം സ്പർശിച്ചാൽ അത് അശുദ്ധമായിത്തീരും. സൂര്യാസ്തമയംവരെ അതു വെള്ളത്തിൽ ഇടണം. അപ്പോൾ അതു ശുദ്ധമാകും. 33അവയുടെ പിണം മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിത്തീരും. പാത്രം ഉടച്ചുകളയുകയും വേണം. 34ആ പാത്രത്തിലെ വെള്ളം ഏതെങ്കിലും ഭക്ഷണസാധനത്തിലോ പാനീയത്തിലോ വീണാൽ അതും അശുദ്ധമായിത്തീരും. 35ആ ജഡത്തിന്‍റെ ഏതെങ്കിലും അംശം ഏതിന്‍റെയെങ്കിലുംമേൽ വീണാൽ അത് അശുദ്ധമായിത്തീരും. അത് അടുപ്പോ തീച്ചട്ടിയോ ആയിരുന്നാലും ഉടച്ചുകളയണം. അത് അശുദ്ധമാണ്, നിങ്ങൾക്ക് അശുദ്ധമായിരിക്കുകയും ചെയ്യും. 36പിണം സ്പർശിക്കുന്നതെന്തും അശുദ്ധമാകുമെങ്കിലും നീരുറവയ്‍ക്കും വെള്ളമുള്ള കിണറിനും അത് ബാധകമല്ല. 37വിതയ്‍ക്കാനുള്ള വിത്തിൽ പിണം വീണാൽ അത് അശുദ്ധമാകുകയില്ല. 38എന്നാൽ കുതിർത്ത വിത്തിൽ പിണം വീണാൽ അത് അശുദ്ധമായിത്തീരും.
39ഭക്ഷ്യയോഗ്യമായ മൃഗം ചത്തിട്ട് അതിന്‍റെ പിണം സ്പർശിക്കുന്നവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. 40അതിന്‍റെ മാംസം ഭക്ഷിക്കുന്നവന്‍ വസ്ത്രം അലക്കണം; അവന്‍ സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും. പിണം ചുമന്നവനും വസ്ത്രം അലക്കണം. അവനും സൂര്യാസ്തമയംവരെ അശുദ്ധനായിരിക്കും.
41ഇഴജന്തുക്കളെല്ലാം നിഷിദ്ധമാണ്. അവയെ ഭക്ഷിക്കരുത്. 42ഉരസ്സുകൊണ്ടു ഗമിക്കുന്നതോ, നാലു കാലുകൊണ്ടു ചരിക്കുന്നതോ അനേകം കാലുകളുള്ളതോ ആയ ഒരു ഇഴജന്തുവിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്കു നിന്ദ്യമാണ്. 43യാതൊരു ഇഴജന്തുവിനാലും നിങ്ങൾക്ക് അശുദ്ധി വരരുത്; അങ്ങനെ അശുദ്ധരായിത്തീരാതിരിക്കുവാന്‍ അവ മൂലമുള്ള അശുദ്ധിയിൽനിന്ന് അകന്നുകൊള്ളണം. 44ഞാന്‍ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. ഞാന്‍ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ചു വിശുദ്ധരായിരിപ്പിന്‍. ഇഴജന്തുക്കൾ നിമിത്തം നിങ്ങൾ അശുദ്ധരായിത്തീരരുത്. 45നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന സർവേശ്വരന്‍ ഞാനാകുന്നു. ഞാന്‍ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിക്കണം.
46ശുദ്ധവും അശുദ്ധവും തമ്മിലും ഭക്ഷ്യയോഗ്യവും അല്ലാത്തവയും തമ്മിലും വേർതിരിക്കേണ്ടതിനു 47മൃഗങ്ങൾ, പക്ഷികൾ, ജലജീവികൾ, ഭൂമിയിലെ ഇഴജന്തുക്കൾ എന്നിങ്ങനെ സകല ജീവികളെയും സംബന്ധിച്ചുള്ള നിയമം ഇതാകുന്നു.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

Learn More About സത്യവേദപുസ്തകം C.L. (BSI)