YouVersion Logo
Search Icon

JOHANA 6:35-44

JOHANA 6:35-44 MALCLBSI

യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവർ എല്ലാവരും എന്റെ അടുക്കൽ വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. എന്തെന്നാൽ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്. എനിക്കു നല്‌കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്. പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവർക്കും അനശ്വരജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.” സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?” യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും.