YouVersion Logo
Search Icon

JEREMIA 50

50
ബാബിലോണിന്റെ പതനം
1ബാബിലോണിനെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും യിരെമ്യാപ്രവാചകനിലൂടെയുള്ള സർവേശ്വരന്റെ അരുളപ്പാട്: 2“ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോൺ പിടിക്കപ്പെട്ടു; ബേൽദേവൻ ലജ്ജിക്കുന്നു; മെരോദാക്ദേവൻ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങൾ അപമാനിതരായി, വിഗ്രഹങ്ങൾ പരിഭ്രാന്തരായിരിക്കുന്നു. 3വടക്കുദേശത്തുനിന്ന് ഒരു ജനത അതിനെതിരെ ഉയർന്നിരിക്കുന്നു; അതു ബാബിലോണിനെ ശൂന്യമാക്കും; ആരും അതിൽ പാർക്കുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
ഇസ്രായേലിന്റെ തിരിച്ചുവരവ്
4അന്നാളിൽ ഇസ്രായേൽജനങ്ങളും യെഹൂദാജനങ്ങളും വിലപിച്ചുകൊണ്ട് ഒരുമിച്ച് സർവേശ്വരന്റെ അടുക്കൽ വരും; അവർ തങ്ങളുടെ ദൈവമായ സർവേശ്വരനെ അന്വേഷിക്കും. 5അവർ സീയോനിലേക്കു പോകാനുള്ള വഴി ചോദിക്കും; ആ വഴിയേ പോകും. ഒരിക്കലും വിസ്മരിക്കാത്ത ശാശ്വത ഉടമ്പടി ഉണ്ടാക്കുന്നതിന് അവിടുത്തെ അടുക്കൽ ഒന്നിച്ചുകൂടാം എന്നും അവർ പറയും.
6എന്റെ ജനം കാണാതെപോയ ആടുകളാണ്; അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിച്ചു; മലകളിൽ അലഞ്ഞു നടക്കാൻ അവരെ അനുവദിച്ചു; പർവതങ്ങളിലും മലകളിലുമായി അവർ അലഞ്ഞു നടക്കുന്നു; അവരുടെ ആല എവിടെ എന്ന് അവർ മറന്നുപോയി. കണ്ടവരെല്ലാം അവരെ ആക്രമിച്ചു; 7അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവർ സർവേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാർഥമായ അഭയവും പ്രത്യാശയുമായ സർവേശ്വരനോടു തന്നെ.’
8ബാബിലോണിന്റെ നടുവിൽനിന്ന് ഓടുവിൻ; അവിടെനിന്നു പുറത്തുപോകുവിൻ; ആട്ടിൻപറ്റത്തിന്റെ മുമ്പിൽ ഓടുന്ന മുട്ടാടുകളെപ്പോലെ ഓടുവിൻ. 9ഉത്തരദേശത്തെ ഒരു കൂട്ടം ജനതകളെ ബാബിലോണിനെതിരെ ഞാൻ ഇളക്കിവിടും; അവർ അണിനിരന്ന് അവളെ പിടിച്ചടക്കും; അവരുടെ അസ്ത്രങ്ങൾ സമർഥനായ യോദ്ധാവിനെപ്പോലെയാണ്; അതു വെറും കൈയായി മടങ്ങിവരികയില്ല. 10ബാബിലോൺദേശം കൊള്ളയടിക്കപ്പെടും; അവളെ കൊള്ളയടിക്കുന്നവർ സംതൃപ്തരാകും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
ബാബിലോണിന്റെ വീഴ്ച
11എന്റെ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങൾ സന്തോഷിച്ച് ഉല്ലസിച്ചാലും; പുൽത്തകിടിയിലെ പശുക്കിടാവിനെപ്പോലെ തുള്ളിച്ചാടിയാലും; കുതിരകളെപ്പോലെ ഹർഷാരവം മുഴക്കിയാലും 12നിങ്ങളുടെ മാതൃരാജ്യം ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ച ദേശം അപമാനിതയാകും; അവൾ ജനതകളിൽ ഏറ്റവും ചെറുതാകും; അവൾ മരുഭൂമിയും വരണ്ടനിലവും ആയിത്തീരും. 13സർവേശ്വരന്റെ ക്രോധംനിമിത്തം അവിടെ ജനവാസമുണ്ടാകയില്ല; അതു സമ്പൂർണമായി ശൂന്യമാകും; ബാബിലോണിലൂടെ കടന്നുപോകുന്നവരെല്ലാം സംഭ്രമിക്കും; അവൾക്കു നേരിട്ട അനർഥങ്ങൾ നിമിത്തം അവളെ പരിഹസിക്കും.
14വില്ലു കുലയ്‍ക്കുന്നവരേ, നിങ്ങൾ ബാബിലോണിനു ചുറ്റും അണിനിരക്കുവിൻ; ഒരമ്പുപോലും പാഴാക്കാതെ അവളുടെ നേർക്ക് അവ തൊടുത്തുവിടുവിൻ. അവൾ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. 15അവൾക്കു ചുറ്റുംനിന്നു ജയഘോഷം മുഴക്കുവിൻ; അവൾ കീഴടങ്ങിയിരിക്കുന്നു; അവളുടെ കോട്ടകൾ വീണു; മതിലുകൾ തകർന്നു വീണു; ഇതു സർവേശ്വരന്റെ പ്രതികാരമാണ്, അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെ അവളോടും ചെയ്യുവിൻ. 16വിതയ്‍ക്കുന്നവനെയും കൊയ്ത്തുകാരനെയും ബാബിലോണിൽനിന്നു ഛേദിച്ചുകളയുവിൻ; മർദകന്റെ വാൾ നിമിത്തം ഓരോരുവനും സ്വജനങ്ങളുടെ അടുത്തേക്കു തിരിയും; സ്വന്തം ദേശത്തേക്ക് അവർ ഓടിപ്പോകും.
ഇസ്രായേലിന്റെ തിരിച്ചുവരവ്
17സിംഹങ്ങൾ പിന്തുടർന്നു ചിതറിച്ച ആട്ടിൻപറ്റത്തെപ്പോലെയാണ് ഇസ്രായേൽ; ആദ്യം അസ്സീറിയാരാജാവ് അതിനെ ആക്രമിച്ചു; ഒടുവിൽ ബാബിലോണിലെ നെബുഖദ്നേസർരാജാവ് അതിന്റെ അസ്ഥികൾ കാർന്നു തിന്നുന്നു. 18അതുകൊണ്ട് ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അസ്സീറിയായിലെ രാജാവിനെ ശിക്ഷിച്ചതുപോലെ ബാബിലോണിലെ രാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും. 19ഞാൻ ഇസ്രായേലിന് അവന്റെ മേച്ചിൽസ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവൻ കർമ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവൻ മേഞ്ഞു തൃപ്തനാകും. 20അക്കാലത്ത് ഇസ്രായേലിൽ അപരാധവും യെഹൂദായിൽ പാപവും കാണുകയില്ല; കാരണം ഞാൻ അവശേഷിപ്പിച്ച ജനത്തോടു ക്ഷമിച്ചിരിക്കുന്നു.
ബാബിലോണിനെതിരെ ന്യായവിധി
21മെരാഥയിംദേശത്തിനെതിരെ ചെല്ലുവിൻ; പെക്കോദ് നിവാസികൾക്കെതിരെ നീങ്ങുവിൻ; നിങ്ങൾ അവരെ സമ്പൂർണമായി നശിപ്പിക്കുകയും ഞാൻ കല്പിച്ചതുപോലെയെല്ലാം പ്രവർത്തിക്കുകയും വേണം എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 22യുദ്ധാരവം ദേശത്തു കേൾക്കുന്നു; വലിയ സംഹാരം നടക്കുകയാണ്. 23ഭൂമി മുഴുവൻ തകർത്ത ചുറ്റിക എങ്ങനെ തകർന്നു തരിപ്പണമായി. ജനതകളുടെ ഇടയിൽ ബാബിലോൺ എങ്ങനെ ബീഭത്സദൃശ്യമായിത്തീർന്നു. 24ഞാൻ കെണിവച്ചു, ബാബിലോണേ, നീ അതിൽ വീണു, അതു നീ അറിഞ്ഞില്ല; സർവേശ്വരനെതിരെ നീ മത്സരിച്ചതുകൊണ്ട് അവിടുന്നു നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു. 25സർവേശ്വരൻ ആയുധപ്പുര തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സർവശക്തനായ സർവേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീർക്കാനുണ്ട്. 26എല്ലാവശത്തുനിന്നും അതിന്റെ നേരേ വരുവിൻ; വന്ന് അവളുടെ ധാന്യപ്പുരകൾ തുറക്കുവിൻ; അവളെ നിശ്ശേഷം നശിപ്പിച്ചു ധാന്യക്കൂമ്പാരം പോലെ കൂട്ടുവിൻ; അവളിൽ യാതൊന്നും ശേഷിക്കരുത്. 27അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ 28നമ്മുടെ ദൈവമായ സർവേശ്വരന്റെ പ്രതികാരം, അവിടുത്തെ ദേവാലയത്തിനു വേണ്ടിയുള്ള പ്രതികാരംതന്നെ സീയോനിൽ പ്രസിദ്ധമാക്കുന്നു.
29ബാബിലോണിനെതിരെ വില്ലാളികളെ വിളിച്ചുകൂട്ടി അതിനു ചുറ്റും പാളയമടിക്കുവിൻ; ആരും രക്ഷപെടരുത്. അവളുടെ പ്രവൃത്തിക്കു തക്കവിധം അവളോടു പകരം വീട്ടുവിൻ; അവൾ ചെയ്തതുപോലെയെല്ലാം അവളോടും ചെയ്യണം; അവൾ സർവേശ്വരനോട്, ഇസ്രായേലിന്റെ പരിശുദ്ധനോടുതന്നെ ധിക്കാരം കാട്ടിയിരിക്കുന്നു. 30അതുകൊണ്ട് അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; അവളുടെ യോദ്ധാക്കളെല്ലാം അന്നു സംഹരിക്കപ്പെടും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 31അഹങ്കാരിയായ ബാബിലോണേ, ഞാൻ നിനക്ക് എതിരാണെന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ ശിക്ഷാദിവസം ആഗതമായിരിക്കുന്നു. 32അഹങ്കാരി കാലിടറി വീഴും; പിടിച്ചെഴുന്നേല്പിക്കാൻ ആരുമില്ല; അവന്റെ നഗരങ്ങളിൽ ഞാൻ തീ കൊളുത്തും; അതു ചുറ്റുമുള്ളവയെ ദഹിപ്പിക്കും.
33സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേൽജനം പീഡിതരായിരിക്കുന്നു; അവരോടൊപ്പം യെഹൂദാജനവും; തടവുകാരായി കൊണ്ടുപോയവർ അവരെ മുറുകെ പിടിക്കുന്നു; അവരെ വിട്ടയയ്‍ക്കാൻ അവർ വിസമ്മതിക്കുന്നു. 34അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനാണ്; സർവശക്തനായ സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം; അവിടുന്നു തീർച്ചയായും അവർക്കുവേണ്ടി വാദിക്കും; ഭൂമിക്ക് അവിടുന്നു സ്വസ്ഥത നല്‌കും; എന്നാൽ ബാബിലോൺനിവാസികൾക്ക് അസ്വസ്ഥതയും.
35അവിടുന്ന് അരുളിച്ചെയ്യുന്നു: “ബാബിലോണിനെതിരെ ഒരു വാൾ ഉയർന്നിരിക്കുന്നു; അതിലെ നിവാസികൾക്കും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരെ തന്നെ. 36വ്യാജപ്രവാചകന്മാരുടെ നേരെ വാൾ ഉയർന്നിരിക്കുന്നു; അവർ വിഡ്ഢികളാകും. യോദ്ധാക്കളുടെമേൽ വാൾ ഉയർന്നിരിക്കുന്നു. അവർ നശിച്ചുപോകും. 37അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേൽ വാൾ ഉയർന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും. 38അവരുടെ ജലാശയങ്ങളുടെമേലും വാൾ ഉയർന്നിരിക്കുന്നു. കാരണം, അതു വിഗ്രഹങ്ങളുടെ നാടാണ്; അവയെച്ചൊല്ലി അവർ ഉന്മത്തരായിരിക്കുന്നു. 39അതുകൊണ്ടു ബാബിലോണിൽ വന്യമൃഗങ്ങളും കുറുനരിയും ഒട്ടകപ്പക്ഷിയും ഒന്നിച്ചു പാർക്കും; അതിൽ ഇനി ആരും ഒരിക്കലും വസിക്കയില്ല. 40സർവേശ്വരൻ അരുളിച്ചെയ്യുന്നു: “സൊദോമും ഗൊമോറായും അയൽനഗരങ്ങളും നശിപ്പിക്കപ്പെട്ടപ്പോൾ എന്നപോലെ അവിടെ ആരും പാർക്കുകയില്ല; ഒരു മനുഷ്യനും അതിലൂടെ കടന്നു പോകുകയുമില്ല.
41ഇതാ വടക്കുനിന്ന് ഒരു ജനത വരുന്നു; ശക്തമായ ഒരു ജനത! ഭൂമിയുടെ വിദൂരസ്ഥലങ്ങളിൽനിന്നു രാജാക്കന്മാർ ഇളകിവരുന്നു. 42അവരുടെ കൈയിൽ വില്ലും കുന്തവുമുണ്ട്; അവർ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്റെ ഇരമ്പൽ പോലെയാണ്. 43ബാബിലോണേ, അവർ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ബാബിലോൺ രാജാവിന്റെ കരങ്ങൾ തളർന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ അവൻ അതിവേദനയിലായിരിക്കുന്നു. 44വലിയ ആട്ടിൻപറ്റത്തിന്റെ നേരേ വരുന്ന സിംഹംപോലെ, യോർദ്ദാനിലെ വനത്തിൽനിന്നു ഞാൻ ഇറങ്ങിവരും. ഞാൻ ബാബിലോണ്യരെ അവരുടെ നഗരങ്ങളിൽനിന്ന് ഓടിച്ചുകളയും; എനിക്ക് ഇഷ്ടമുള്ളവനെ ഞാൻ ബാബിലോണിന്റെ ഭരണാധികാരിയാക്കും; എനിക്കു സമനായി ആരുണ്ട്? ആര് എന്നെ വെല്ലുവിളിക്കും? ഏത് ഇടയന് എന്റെ നേരെ നില്‌ക്കാൻ കഴിയും? 45അതുകൊണ്ട് ബാബിലോണിന് എതിരെ അവിടുന്നു തയ്യാറാക്കിയിട്ടുള്ള പദ്ധതിയും ബാബിലോൺ ദേശത്തിനെതിരെ എടുത്തിട്ടുള്ള തീരുമാനങ്ങളും കേട്ടുകൊൾവിൻ; ആട്ടിൻകൂട്ടത്തിൽ ഏറ്റവും ചെറിയതിനെപ്പോലും വലിച്ചിഴച്ചുകൊണ്ടുപോകും; അവയുടെ ദുർവിധികണ്ട് ആലകൾപോലും സ്തംഭിച്ചുപോകും. 46ബാബിലോൺ പിടിക്കപ്പെട്ടു എന്ന ശബ്ദം കേട്ട് ഭൂമി നടുങ്ങും; അവളുടെ രോദനം ജനതകളുടെ ഇടയിൽ മാറ്റൊലിക്കൊള്ളും.”

Currently Selected:

JEREMIA 50: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy